ആലുവ: ആലുവ തായിക്കാട്ടുകരയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി ചാന്ദ്‌നി കുമാരിയെ കൊലപ്പെടുത്തിയത് അസം സ്വദേശി അസ്ഫാഖ് ആലം തന്നെയാണെന്ന് പൊലീസ്. കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നതടക്കമുള്ള മൊഴികൾ കളവാണെന്ന് പൊലീസ് പറയുന്നു. അസ്ഫാക്ക് കുട്ടിയുമായി ആലുവ മാർക്കറ്റിന് സമീപത്ത് കൂടെ നടന്നുപോകുന്നതായി കണ്ടെന്ന് ദൃക്‌സാക്ഷിയുടെ മൊഴിയുണ്ടായിരുന്നു. അസ്ഫാഖിന് പുറമെ മറ്റ് രണ്ടുപേരും ഇവർക്ക് പിന്നിലായി നടന്നുപോയെന്നും ദൃക്‌സാക്ഷികൾ മാധ്യങ്ങളോട് പറഞ്ഞിരുന്നു.
സുഹൃത്തിന്‍റെ സഹായത്തോടെ കുട്ടിയെ കൈമാറിയെന്നായിരുന്നു അസ്ഫാഖ് ആലം ആദ്യം മൊഴി നൽകിയത്. സുഹൃത്താണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നും പ്രതി മൊഴി നൽകിയിരുന്നു. ഇതെല്ലാം കളവാണെന്നും പൊലീസ് പറയുന്നു. അസ്ഫാകിന്‍റെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആലുവ മാർക്കറ്റിന് സമീപമാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ മകളെ വെള്ളിയാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. ഇവരുടെ വീടിന്‍റെ മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ അസ്ഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.