കൊടും വെയിലത്ത് ജോലി ചെയ്യേണ്ട; സംസ്ഥാനത്ത് തൊഴിൽ സമയം ക്രമീകരിച്ച് ഉത്തരവ്

news image
Feb 19, 2024, 2:11 pm GMT+0000 payyolionline.in

കൊച്ചി: വേനല്‍ച്ചൂട് കനത്തതോടെ സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം. വെയിലത്ത് പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ പ്രവൃത്തി സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സൂര്യാഘാത സാധ്യത ഒഴിവാക്കാനാണ് നടപടി.

രാവിലെ 7:00 മുതല്‍ വൈകുന്നേരം 7:00 വരെയുള്ള സമയത്തിനകത്ത് എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയിരിക്കണം. അതേ സമയം പകല്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇതിനിടയില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേള നല്‍കണം.

വെയില്‍ കനക്കുന്ന സമയത്ത് വിശ്രമം അനുവദിച്ചിരിക്കയാണ്. കഴിഞ്ഞ വര്‍ഷവും ഇതേ മാതൃകയില്‍ നിയന്ത്രണ ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ ഇത് മാര്‍ച്ച് രണ്ട് മുതലായിരുന്നു. ഇത്തവണ ചൂട് നേരത്തെ കനത്തു.

ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12:00 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം 3:00 മണിക്ക് ആരംഭിക്കുന്ന തരത്തിലും ക്രമീകരണം നല്‍കണമെന്ന് ലേബര്‍ കമീഷണര്‍ ഡോ കെ വാസുകി അറിയിച്ചു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാത ത്തിന് സാദ്ധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും. കണ്‍സ്ട്രക്ഷന്‍, റോഡ് നിര്‍മാണ മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിശോധന ഉറപ്പാക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe