ദില്ലി: കേരളത്തിൽ ബിജെപി വിരുദ്ധ നീക്കങ്ങളുടെ മുന്നിൽ നിൽക്കാൻ സിപിഎമ്മിന് ഭയമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇന്ത്യ മുന്നണിയുടെ ഭാഗമാകാതിരുന്ന ഏക പാർട്ടി ജെഡിഎസാണ്. കഴിഞ്ഞ ആറ് മാസമായി ബിജെപിയുമായി ജെഡിഎസ് ചർച്ച നടത്തുകയാണ്. ഇതൊന്നും സിപിഎം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ജെഡിഎസ് ചർച്ച നടത്തിയ ശേഷമാണു ബിജെപിയിലേക്ക് പോകുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് കർണാടകയിൽ അവർ സ്വീകരിച്ചത്. ജെഡിഎസ് വിഷയത്തിൽ സിപിഎമ്മിറ്റേതു മൃദു സമീപനമാണ്. ഇപ്പോഴും അവർ തീരുമാനിക്കട്ടെ എന്നാണ് സിപിഎം പറയുന്നത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണം.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്നു സിപിഐയല്ല പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതൊക്കെ സ്ഥാനാർത്ഥികൾ എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയാണ്. ലോക്സഭാ സ്ഥാനാർഥി നിർണയത്തെ പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും കെസി വേണുഗോപാൽ ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.