കേരളത്തിന്റെ ശ്രദ്ധ തിരുവോണം ബമ്പർ ലോട്ടറിയിലേയ്ക്ക്; നറുക്കെടുപ്പ് 2 മണിക്ക്

news image
Oct 9, 2024, 4:11 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവോണം ബമ്പർ അടിക്കുന്ന ഭാഗ്യവാനാര് ? ഒന്നാം സമ്മാനമായ 25 കോടി ലഭിക്കുന്ന ഭാഗ്യാവാനെ അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.  ഉച്ചയക്ക് 2 മണിയ്ക്കാണ് ഭാഗ്യശാലികളെ കണ്ടെത്തുക. 25 കോടി രൂപയുടെ ഒന്നാം സമ്മാനം, 1 കോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനം അടക്കം ആകർഷകമായ സമ്മാനങ്ങളാണ് ഇത്തവണയും ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തുക.

 

 

ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.  ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ ഇന്നലെ  വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 7135938 ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.

ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1302680 ടിക്കറ്റുകളാണ്  ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്.  946260  ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും  861000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പ്പന പുരോഗമിക്കുന്നു.  കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാട്ടി അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദിയ്‌ക്കൊപ്പം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പ്രചരണവുമാണ് വകുപ്പ് മുന്നോട്ട് പോവുകയാണ്.

പൂജാ ബംപറിന്റെ പ്രകാശനവും ഇന്ന് ധനമന്ത്രി നിര്‍വഹിക്കും ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 04-ന് നറുക്കെടുക്കുന്ന പൂജാ ബമ്പറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe