തിരുവനന്തപുരം: കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോൾ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രമാണ്. അഴിമതി ആരോപണങ്ങളിലും അദ്ദേഹം പ്രതികരിക്കുന്നില്ല. ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിന്റെ തകർച്ചയുടെ തുടക്കമാണ്. ഉത്തമരായ കമ്യൂണിസ്റ്റുകാർ കോൺഗ്രസിന് വോട്ട് ചെയ്തു. സർക്കാറിന് താക്കീത് ചെയ്യാനാണ് അവർ അങ്ങനെ ചെയ്തത്. ഉപതെരഞ്ഞെടുപ്പ് ഫലം സർക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ എം.വി ഗോവിന്ദൻ പിന്നീട് നിലപാട് മാറ്റി.
പിണറായിയുടെ കുഴലൂത്തുകാരനായാണ് എം.വി ഗോവിന്ദൻ പ്രവർത്തിക്കുന്നതെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിലുണ്ടായത് ടീം യു.ഡി.എഫിന്റെ വിജയമാണ്. ടീം വർക്കിന്റെ വിജയമാണ് അവിടെ കണ്ടത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും ഈ രീതി തന്നെയാവും യു.ഡി.എഫ് പിന്തുടരുകയെന്നും വി.ഡി സതീശൻ പറഞ്ഞു.