കേരളം ഭരിക്കുന്നത് കമിഴ്ന്നു വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന അഴിമതി സര്‍ക്കാര്‍ -പ്രതിപക്ഷ നേതാവ്

news image
Oct 16, 2023, 9:23 am GMT+0000 payyolionline.in

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ യു.ഡി.എഫ് ആരംഭിച്ച സമരത്തിന്റെ ഭാഗമായി ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന സമരത്തിന്റെ ഭാഗമായാണ് ഉപരോധം. എല്ലാ മണ്ഡലങ്ങളില്‍ നിന്നുമുള്ള വോളന്റിയര്‍മാര്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ തന്നെ തിരുവനന്തപുരത്തെത്തും.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. എ.ഐ ക്യാമറ, കെ-ഫോണ്‍ അഴിമതികളും മാസപ്പടി വിവാദവും അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് കരുവന്നൂര്‍ ബാങ്ക് കൊള്ളയിലെ ഒന്നാം പ്രതി സി.പി.എമ്മാണെന്ന് ഇ.ഡിയുടെ പ്രൊവിഷണല്‍ അറ്റാച്ച്‌മെന്റ് ഓര്‍ഡറില്‍ പറയുന്നത്. സി.പി.എം ഉപസമിതിയുടെ നേതൃത്വത്തിലാണ് കരുവന്നൂരില്‍ കൊള്ള നടത്തിയത്. ഉപസമിതിയുടെ അംഗീകാരത്തോടെയാണ് ബിനാമികള്‍ക്ക് 188 കോടിയുടെ വായ്പ നല്‍കി 344 കോടിയുടെ ബാധ്യത വരുത്തിവച്ചത്. ഭരണത്തിന്റെ മറവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും കൊള്ളയാണ് നടത്തുന്നതെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്ന കാര്യങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണവുമായി പൊങ്ങുമെന്നതു പോലെ അഴിമതിക്കുള്ള എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്ന കൊള്ളക്കാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. കരുവന്നൂരില്‍ ഉള്‍പ്പെടെ അഴിമതി മൂടിവയ്ക്കാനാണ് സി.പി.എം ശ്രമിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ സി.പി.എം ജില്ല കമ്മിറ്റിയാണ് കരുവന്നൂരിലെ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത്.

ഭരണപരമായ കെടുകാര്യസ്ഥതയില്‍ ഇത്രയും നിഷ്‌ക്രിയമായൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ഗുരുതര ധനപ്രതിസന്ധിയിലൂടെയാണ് സര്‍ക്കാര്‍ കടന്നു പോകുന്നത്. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനുള്ള പണം പോലും ഇല്ലാത്ത അവസ്ഥയാണ്. നികുതി പിരിവിലും ദയനീയമായി പരാജയപ്പെട്ടു. നികുതിവെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയിരിക്കുകയാണ്. ധനപ്രതിസന്ധിയുടെ ആഘാതം സാധാരണക്കാരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ന്നു. കെ.എസ്.ഇ.ബി.യില്‍ അഴിമതി നടത്തുന്നതിന് വേണ്ടി റെഗുലേറ്ററി കമീഷനും സര്‍ക്കാരും ഒത്തുകളിച്ച് യു.ഡി.എഫ് കാലത്തുണ്ടാക്കിയ വൈദ്യുത കരാര്‍ റദ്ദാക്കി. ഇതിലൂടെ 750 കോടിയുടെ നഷ്ടമാണുണ്ടായത്. കരാര്‍ റദ്ദാക്കുകയും പുനസ്ഥാപിക്കുകയും ചെയ്ത കാലയളവില്‍ ആയിരം കോടി രൂപയുടെയെങ്കിലും നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാരവും ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.

അഴിമതിയും ഭരണപരമായ കെടുകാര്യസ്ഥതയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. കിട്ടാവുന്ന സ്ഥലങ്ങളിലൊക്കെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്. കിലെയിലെ നിയമനത്തിന് പിന്നാലെ ഡയറ്റില്‍ ഡെപ്യൂട്ടേഷന് വന്ന അധ്യാപകരെയും സ്ഥിരപ്പെടുത്തുകയാണ്. കോടതി വിധികളെയും സര്‍ക്കാര്‍ ഉത്തരവുകളെയും കാറ്റില്‍പ്പറത്തി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കിയാണ് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്.

സര്‍ക്കാര്‍ ചെലവില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള പരിപാടിയാണ് കേരളീയം. അത് സി.പി.എമ്മിന്റെ ചെലവിലാണ് നടത്തേണ്ടത്. കോക്ലിയാര്‍ ഇംപ്ലാന്റേഷനും ഉച്ചഭക്ഷണത്തിനും ഉള്‍പ്പെടെ പണമില്ലാത്ത സര്‍ക്കാരാണ് കേരളീയത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത്. ഡിസംബറില്‍ 140 നിയോജകമണ്ഡലങ്ങളിലും കൊള്ളക്കാരുടെ സര്‍ക്കാരിനെ യു.ഡി.എഫ് ജനകീയ കോടതിയില്‍ വിചാരണ ചെയ്യും. ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരവുമാണ് യു.ഡി.എഫ് മുന്നോട്ട് പോകുന്നത് -വി.ഡി. സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe