തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ 23 കാരന്റെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് ഇന്ന് രാവിലെ മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു. 29 ന് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചെതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വിനുവിന്റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു
29 ന് വൈകീട്ട് വീടിനടുത്തുള്ള കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോജരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ മറ്റൊരു സംഭവത്തിൽ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിനുവിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും എന്ന് പൊലീസ് അറിയിച്ചു.