തിരുവനന്തപുരം∙ ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.
കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്ടറോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാൻ നിര്‍ദേശിച്ചു. ലൈനിനു കീഴിൽ നട്ടിരുന്ന വാഴകൾ ലൈനിനു സമീപംവരെ വളർന്നിരുന്നു. മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ലൈനിനു സമീപംവരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.
മനസാക്ഷിയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും സബ്മിഷൻ അവതരിപ്പിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുത്. പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.