കെ സുധാകരന്റെ അറസ്റ്റ്; കേസിന്റെ മുഴുവൻ ചെലവും ഏറ്റെടുക്കുമെന്ന് ഒ.ഐ.സി.സി, എല്ലാ രാജ്യങ്ങളിലും പ്രതിഷേധ സംഗമം

news image
Jun 24, 2023, 3:16 am GMT+0000 payyolionline.in

മസ്കത്ത്: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ അറസ്റ്റ് ചെയ്‍തതുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനുള്ള മുഴുവന്‍ ചെലവും ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) ഏറ്റെടുക്കുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി, ശനിയാഴ്ച എല്ലാ ലോക രാജ്യങ്ങളിലും പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിൽ സംസ്ഥാനത്തും കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. സംസ്ഥാനത്ത് നാളെ കരിദിനം പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും ബൂത്തുതലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെ പി സി സി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുധാകരന്റെ അറസ്റ്റിനെതിരെ രംഗത്തുവന്നു. സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സർക്കാരിനെ ഭരിക്കുന്നതെന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. അറസ്റ്റ് സി പി എം നിർദ്ദേശ പ്രകാരമെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും മോദി സർക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനുമെന്നുമാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe