കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാകേസ് പ്രതി കെ വിദ്യ 12ാം ദിനവും ഒളിവിൽ തന്നെ. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. പൊലീസ് തെരച്ചിലിനിടെ വിദ്യ കോഴിക്കോട്ടും എറണാകുളത്തും എത്തിയെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, കരിന്തളം ഗവ. കോളേജിൽ ജോലിക്കായി വിദ്യ സമർപ്പിച്ച സർട്ടിഫിക്കേറ്റും വ്യാജമെന്ന് കോളജിയറ്റ് എജുക്കേഷൻ സംഘത്തിന്റെ അന്വേഷണത്തിലും കണ്ടെത്തി. വ്യാജ സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലി സംഘടിപ്പിച്ചത് എന്നതിനാൽ, ശമ്പളം തിരിച്ചുപിടിക്കുന്നത് അടക്കമുള്ള നടപടികൾക്ക് ശുപാർശ ചെയ്ത്, മറ്റന്നാൾ റിപ്പോർട്ട് നൽകും.
കഴിഞ്ഞ അധ്യനവർഷം വിദ്യ താൽക്കാലിക അധ്യാപികയായി ജോലി ചെയ്ത കരിന്തളം ഗവ. കോളജിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡിഡിയും സംഘവുമാണ് പരിശോധന നടത്തിയത്. ജോലിക്കായി വിദ്യ സമർപ്പിച്ച സർട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. സീലും ലെറ്റർ പാഡും അടക്കും ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍. കൂടുതൽ സംശയങ്ങളുണ്ടാക്കുന്ന ചില കാര്യങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത് കൂടി വ്യക്തമാക്കിയാകും റിപ്പോര്‍ട്ട് നൽകുക. മഹാരാജാസിലെ പരിചയ സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് വിദ്യ ജോലി നേടിയത്. അത് കൊണ്ട് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കാൻ റിപ്പോർട്ട് ശുപാർശ ചെയ്യും. കോളജിയറ്റ് എഡുക്കേഷൻ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.
നിലവിൽ ഈ കേസിൽ അന്വേഷണം നടത്തുന്ന നീലേശ്വരം പൊലീസിന് സഹായകരമാവുന്ന കണ്ടെത്തലാണ് കോളജിയറ്റ് എഡുക്കേഷൻ സംഘത്തിന്റെ റിപ്പോർട്ടിലുണ്ടാവുക. 20 തീയതി അട്ടപ്പാടി കേസിലെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ തെളിവുകൾ നശിപ്പിക്കുമെന്ന വാദം ശക്തമായി ഉയർത്താനാണ് പൊലീസിന്റെ നീക്കം. രണ്ട് സ്റ്റേഷനുകളിൽ കേസ് ഉള്ള കാര്യവും ശ്രദ്ധയിൽ പെടുത്തും. മുൻ കൂർ ജാമ്യാപേക്ഷ പരിഗണനയിലുള്ളതിനാൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലിസിന്റെ സമീപിനം. തിരച്ചിൽ നടക്കുന്നുണ്ടെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും എറണാകുളത്തും കോഴിക്കോട്ടും കഴിഞ്ഞ ദിവസങ്ങളിൽ വിദ്യ എത്തിയതായി സൂചനയുണ്ട്. പൊലീസന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. തെളിവ് നശിപ്പിക്കാനുള്ള സാവകാശം വിദ്യക്ക് കിട്ടി എന്ന ആരോപണം ശക്തമാണ്.