ചണ്ഡീഗഡ്: വർഷത്തിലേറെയായി കെട്ടിക്കിടക്കുന്ന എഫ്.ഐ.ആറുകളിൽ നടപടിയെടുക്കാത്തതിന്റെ പേരിൽ ഹരിയാനയിൽ 372 പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ് ഡി.ജി.പിയോട് ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് വിവിധ കേസുകളിൽ ഒരുനടപടിയും കൈകൊള്ളാത്ത അന്വേഷണ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാൻ പോലീസ് ഡയറക്ടർ ജനറലിന് ആഭ്യന്തരമന്ത്രി കത്തയച്ചത്. 3,229 കേസുകളാണ് ഒരുവർഷത്തിലറെയായി തീർപ്പാക്കാതെ കിടക്കുന്നത്. കേസുകൾ തീർപ്പാക്കണമെന്ന് വളരെക്കാലമായി ഉദ്യോഗസ്ഥർക്കള നിർദേശം നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ തൃപ്തികരമായ വിശദീകരണം നൽകിയില്ല. തുടർന്നാണ് നടപടിയെടുക്കാൻ നിർദേശിച്ചതെന്ന് അനിൽ വിജ് പറഞ്ഞു.
തീർപ്പാക്കാത്ത കേസുകൾ ഒരു മാസത്തിനകം അന്തിമ തീർപ്പിനായി ബന്ധപ്പെട്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർക്ക് കൈമാറണം. അവരുടെ മുമ്പാകെയുള്ള കേസുകൾ ഒരു മാസത്തിനകം അന്തിമ തീർപ്പാക്കണമെന്ന മുന്നറിയിപ്പോടെ ബന്ധപ്പെട്ട ഡി.എസ്പിമാരെ ഏൽപ്പിക്കണമെന്നും അനിൽവിജ് നിർദേശിച്ചു. അല്ലാത്തപക്ഷം, അങ്ങനെ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. ഗുരുഗ്രാം, ഫരീദാബാദ്, പഞ്ച്കുല, അംബാല, യമുനാനഗർ, കർണാൽ, പാനിപ്പത്ത്, ഹിസാർ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പൊലീസ് ഉദ്യോഗസ്ഥർ.