കൂടുതൽ ശക്തൻ, രാഹുൽ ഗാന്ധി നാളെ കേരളത്തിലേക്ക്

news image
Aug 11, 2023, 7:59 am GMT+0000 payyolionline.in

വയനാട്: എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി നാളെ കേരളത്തിലെത്തും. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. പുതുപ്പള്ളിയിലേക്ക് രാഹുലിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം ഉണ്ടാവുമോ എന്നും ആകാംക്ഷയുണ്ട്. അപകീര്‍ത്തി കേസിനെ തുടര്‍ന്ന് രാഹുല്‍ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയില്‍ നേടിയ വിജയത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ രാഹുല്‍ ഇത്തവണ വയനാട്ടിലേക്ക് എത്തുന്നത്.

കല്‍പ്പറ്റയില്‍ പൊതു സമ്മേളനത്തെ രാഹുല്‍ അഭിസംബോധന ചെയ്യും. സാധാരണ രാഹുല്‍ എത്തുമ്പോള്‍ കല്‍പ്പറ്റ നഗരത്തില്‍ റാലി നടത്താറുണ്ട്. എന്നാല്‍, ഇത്തവണ അത്തരമൊരു റാലി നടത്താൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. രാഹുല്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ എംപിയുടെ കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ കൈമാറും. മറ്റന്നാള്‍ മാനന്തവാടിയിലാണ് രാഹുലിന്‍റെ പരിപാടികള്‍. ഇതിന് ശേഷം എംപി കോടഞ്ചേരിയിലേക്ക് പോകും.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ആകെ മൂന്നോ നാലോ പരിപാടികള്‍ മാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. രാഹുലിനെ സ്വീകരിക്കുന്നതിനായി വയനാട്ടില്‍ വലിയ ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നടത്തിക്കഴിഞ്ഞിട്ടുണ്ട്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണ്‍വൻഷൻ രാഹുല്‍ ഉദ്ഘാടനം ചെയ്യുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സാധാരണ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ പോകുന്നത് പതിവില്ല. നാളെ രാഹുല്‍ എത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാവുകയുള്ളൂ.

അതേസമയം, പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. ജെയ്ക് സി തോമസിന്‍റെ പേര് തന്നെയാണ് നിലവിൽ ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും സ്ഥാനാർഥി പ്രഖ്യാപനം.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe