തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ യാത്രക്കാര്‍ക്ക് എസി ബസ് സൗകര്യം ഒരുക്കുന്ന കെഎസ്ആര്‍ടിസിയുടെ ലോഫ്ലോര്‍ എസി ബസായ ജനത സര്‍വീസ് ഇന്നു മുതല്‍ നിരത്തില്‍. തുടക്കത്തില്‍ കൊല്ലം തിരുവനന്തപുരം, കൊട്ടാരക്കര തിരുവനന്തപുരം റൂട്ടുകളിലായിരിക്കും കെ എസ് ആര് ടി സി ജനത ബസുകള്‍ സര്‍വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും സര്‍വീസ്. രാവിലെ 7ന് കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫഌഗ് ഒഫ് ചെയ്യും. ജനത ബസിലെ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍ നിന്ന് സെക്രട്ടേറിയറ്റ് വഴി തമ്പാനൂരില്‍ എത്തുംവിധമാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസേന യാത്ര ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ലക്ഷ്യമിട്ടാണ് കെ എസ് ആര് ടി സി ജനത സര്‍വീസ് ആരംഭിക്കുന്നത്. കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്ന് 7.15നാണ് ജനത സര്‍വീസ് ആരംഭിക്കുന്നത്. ഈ രണ്ടു ബസുകളും രാവിലെ 9.30ഓടെ സെക്രട്ടേറിയറ്റിന് സമീപത്ത് എത്തും.
മടക്കയാത്ര വൈകിട്ട് 4.45ന് തമ്പാനൂരില്‍നിന്ന് വിമെന്‍സ് കോളജ്, ബേക്കറി ജങ്ഷന് വഴി സെക്രട്ടറിയറ്റിലെ കന്റോണ്‍മെന്റ് ഗേറ്റിന് അടുത്തെത്തും. ഇവിടെനിന്ന് അഞ്ച് മണിയോടെ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിലേക്ക് പുറപ്പെടും. വൈകിട്ട് ഇരു ബസുകളും 7.15ന് കൊല്ലത്തും കൊട്ടാരക്കരയിലുമെത്തും. കെ എസ് ആര് ടി സിയുടെ ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സര്‍വീസിനുമുണ്ടാകുമെന്നാണ് വിവരം.
പരീക്ഷണം വിജയകരമായാല്‍, സംസ്ഥാനത്ത് മറ്റിടങ്ങളിലും കെ എസ് ആര് ടി സി ജനത സര്‍വീസ് ആരംഭിക്കും. ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാവുന്ന വിധത്തിലാണ് സര്‍വീസുകളുടെ സമയക്രമം.