കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറുടെ മരണം: മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ, റോഡ് ഉപരോധിക്കാൻ കോൺഗ്രസ്

news image
Feb 27, 2024, 3:57 am GMT+0000 payyolionline.in

ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ  ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. അപകടത്തിൽ പരുക്കേറ്റ രണ്ടു പേർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം.

മൂന്നാർ കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാർ ആണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. സുരേഷ് കുമാറിൻറെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരിൽ കന്നിമല സ്വദേശികളായ എസക്കി രാജ, ഭാര്യ റെജിനാ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്.

 

ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഓട്ടോയിലുണ്ടായിരുന്ന പ്രിയക്കും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കും കാര്യമായ പരിക്കേറ്റിട്ടില്ല. പടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏത് കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുകയാണ്. പരിക്കേറ്റവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ മാസം 23 ന് മൂന്നാർ ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe