കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 3 പേരുടെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. ആകെ 18 പേർ ചികിത്സയിലുണ്ട്. 13 പേർ ഐസിയുവിൽ ചികിത്സയിലാണ്. സ്ഫോടനത്തിനുശേഷം ട്രോമാബാക് ആയി ഒരു രോഗിക്കും പ്രവേശനം നൽകിയെന്ന് മെഡിക്കൽ ബുളളറ്റിനിൽ വിശദമാക്കുന്നു.
ബോംബ് നിർമിച്ചതും കൺവെൻഷൻ ഹാളിൽ സ്ഥാപിച്ചതും റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയതുമെല്ലാം സ്ഫോടനകേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഫോണിൽ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. എല്ലാം മാർട്ടിൻ ഒറ്റയ്ക്കാണ് ചെയ്തത്. വിശദമായി പരിശോധിക്കുന്നതിന് വേണ്ടിയാണ് മാര്‍ട്ടിന്റെ ഫോൺ ഫോറന്‍സികിന് കൈമാറിയത്. കാക്കനാട് ജില്ലാ ജയിലിൽ കഴിയുന്ന മാർട്ടിന്റെ തിരിച്ചറിയൽ പരേഡ് ഉടൻ പൂർത്തിയാകുകയാണ് പൊലീസിന്റെ ലക്ഷ്യം.
സാക്ഷികളെ ജയിലിൽ എത്തിച്ചാകും തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്തും. 15 വർഷത്തിലേറേ വിദേശത്ത് താമസിച്ച് മാർട്ടിൻ ബോംബ് നിർമാണം പഠിച്ചതും അവിടെ വെച്ചാണെന്നും പൊലീസ് സംശയിക്കുന്നു. വിദേശത്തുനിന്നുള്ള വിവരങ്ങളും ശേഖരിക്കുകയാണ്. അതിനിടെ ഉന്നത ഉദ്യോഗസ്ഥറുടെ നേതൃത്വത്തിൽ അന്വേഷണം സംഘം കളമശ്ശേരിയിൽ യോഗം ചേർന്നു.