കളമശേരി സ്‌ഫോടനം: പഴുതടച്ച അന്വേഷണം വേണം; ചില രാഷ്ട്രീയ നേതാക്കളുടെ പരാമർശം ദൗർഭാഗ്യകരം -വി.ഡി. സതീശൻ

news image
Oct 30, 2023, 9:13 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരിയിലേതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസിന്റെ ഇന്റലിജന്‍സ് സംവിധാനം കുറേക്കൂടി ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം സംഭവങ്ങളില്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ട്. ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്.

എന്നാൽ കേരളം ഒറ്റക്കെട്ടായി നിന്നപ്പോഴും ദൗര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ചില ഭാഗത്ത് നിന്നുണ്ടായി. ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാവ് ഈ സംഭവത്തെ ഫലസ്തീനുമായി ബന്ധപ്പെടുത്തി. സംസ്ഥാനത്തിന് അധിക്ഷേപകരമായ പരാമര്‍ശം ഒരു കേന്ദ്രമന്ത്രിയുടെ ഭാഗത്ത് നിന്നുമുണ്ടായി. എന്നാല്‍ പൊലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടേയെന്നും ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നുമുള്ള നിലപാടാണ് കേരളത്തിലെ പ്രതിപക്ഷം സ്വീകരിച്ചതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അതിന് തടയിടുന്നതിനും ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സ്‌ഫോടനത്തെ സംബന്ധിച്ച് പഴുതടച്ച അന്വേഷണം വേണം. സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe