തിരുവനന്തപുരം : മുൻകൂർ ജാമ്യാപേക്ഷ കോടതി തളളിയ സാഹചര്യത്തിൽ, എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ പി.പി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സാധ്യത. നിലവിൽ സിപിഎമ്മിന്റെ സഹായം ദിവ്യക്ക് ലഭിക്കുന്നുണ്ട്. അറസ്റ്റ് ചെയ്ത് ദിവ്യക്ക് നാണക്കേടുണ്ടാക്കാൻ പൊലീസും നോക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തോട് സഹകരിക്കുമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ പ്രതികരിച്ചത്. പൊലീസിൽ കീഴടങ്ങുമോയെന്ന ചോദ്യത്തോട്, അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമല്ലേയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെയും പ്രതികരണം.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെയെടുത്ത കേസിൽ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ദിവ്യക്കെതിരെ ചുമത്തിയിട്ടുളളത്.
എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി തളളിയ സാഹചര്യത്തിൽ, ഉത്തരവിന്റെ പകർപ്പ് കിട്ടിയശേഷം തുടർ നടപടി തീരുമാനിക്കുമെന്നാണ് പി.പി ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ വ്യക്തമാക്കുന്നത്. പൊതുപ്രവർത്തയെന്ന നിലയിലെ ഉത്തരവാദിത്തത്തിന്റെ ഭാഗമായി പ്രവർത്തിച്ചപ്പോൾ ഉണ്ടായ സംഭവത്തിൽ, നിയമപരമായി മുന്നോട്ട് പോയി നിരപരാധിത്വം തെളിയിക്കും. അന്വേഷണത്തിൽ നിന്നും ദിവ്യ ഒളിച്ചോടില്ല. അന്വേഷണവുമായി സഹകരിച്ച് മുന്നോട്ട് പോകും. ഇത് അവസാനമല്ല. കേസിലെ വസ്തുതകൾ കോടതിക്ക് മുന്നിലെത്തിക്കും. ഇടിച്ച് കയറിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടതില്ലല്ലോ ഒരു സ്ത്രീയല്ലേയെന്നും അഡ്വ. കെ വിശ്വൻ പ്രതികരിച്ചു.