ജനീവ: കൂടുതൽ രാജ്യങ്ങളിൽ എംപോക്സ് (മങ്കിപോക്സ്) രോഗബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ലോകരാജ്യങ്ങൾ. ഏറ്റവും ഒടുവിൽ പാകിസ്ഥാനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ 34 വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആഗസ്ത് മൂന്നിനാണ് ഇയാൾ പാകിസ്ഥാനിൽ എത്തിയത്. ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിൽ 13ന് എംപോക്സ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.
രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്1എന്1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനു മുന്പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ആഫ്രിക്കയിൽ പോയിവന്ന ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം സ്വീഡനും അറിയിച്ചിരുന്നു. രോഗബാധയും മരണനിരക്കും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും രോഗം പടരുന്നതായാണ് റിപ്പോർട്ടുകൾ.