തിരുവനന്തപുരം :കാട്ടാക്കടയിൽ ജി സ്റ്റീഫൻ എം.എൽ.എയുടെ കാറിന് വഴി കൊടുക്കാത്തതിന് എട്ടു മാസം ഗര്‍ഭിണിയടക്കം കുടുംബത്തെ ആക്രമിച്ചെന്ന പരാതിയിൽ നാല് പേര്‍ കീഴടങ്ങി. കല്യാണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിനീഷ്, നീതു ദമ്പതികളുടെ കാര്‍ തകര്‍ക്കുകയും മാല പൊട്ടിക്കുകയും ചെയ്തെന്നാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിയിൽ ആരോപിക്കുന്നത്. സംഭവത്തിൽ മനു, സുമിത്, ആദർശ്, അനൂപ് എന്നിവരാണ് കാട്ടാക്കട സ്റ്റേഷനിൽ കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. സംഭവം നടക്കുമ്പോൾ താൻ ഓഡിറ്റോറിയത്തിലായിരുന്നുവെന്നും മറ്റൊരു കാറുകാരനുമായാണ് തര്‍ക്കം ഉണ്ടായതെന്നുമാണ് ജി സ്റ്റീഫൻ എംഎൽഎയുടെ വിശദീകരണം.
ഇന്നലെ രാത്രി എട്ട് മണിയോടെ കാട്ടാക്കട കൃപാ ഓഡിറ്റേറിയത്തിന് മുന്നിലായിരുന്നു സംഭവം. വിവാഹ ചടങ്ങിന് ശേഷം പുറത്തിറങ്ങിയ ദമ്പതികളുടെ കാര്‍ സ്റ്റാര്‍ട്ട് ചെയ്തെങ്കിലും വാഹനം ഓഫായി പോയി. പിന്നാലെ ഒരു സംഘം യുവാക്കളെത്തി ജി സ്റ്റീഫന്‍ എംഎൽഎയുടെ കാറിന് കടന്നുപോകാൻ പെട്ടെന്ന് കാര്‍ എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബഹളം വെച്ചു. ഇതേ ചൊല്ലി വാക്കേറ്റമായി. പിന്നീട് കാറെടുത്ത് റോഡിലെത്തിയതോടെ യുവാക്കൾ കാര്‍ തടഞ്ഞ് സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും കാര്‍ അടിച്ചു തകര്‍ത്തുമെന്നും ബിനീഷ് കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് ആദ്യം പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും ആശുപത്രിയിൽ പോയി മര്‍ദ്ദനമേറ്റതിൻ്റെ മെഡിക്കൽ രേഖകൾ സഹിതം കൊണ്ടുവന്നാലേ പരാതി സ്വീകരിക്കൂവെന്നും എന്നും ബിനീഷിൻ്റെ എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ നീതു പറഞ്ഞു. പരാതിയിൽ കണ്ടാലറിയാവുന്ന നാല് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേര്‍ കീഴടങ്ങിയത്.