കൊച്ചി: സുപ്രീംകോടതി ഇടക്കാല ജാമ്യം നൽകിയ എം. ശിവശങ്കർ ജയിൽ മോചിതനായി. 170 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാക്കനാട് ജില്ല ജയിലിൽ നിന്ന് ശിവശങ്കർ പുറത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ് ശിവശങ്കറിന് കോടതി രണ്ടുമാസത്തെ ജാമ്യം അനുവദിച്ചത്.
ചികിത്സ തേടുന്ന ആശുപത്രി പരിസരം വിട്ടുപോകരുതെന്നാണ് ജാമ്യവ്യവസ്ഥകളിലൊന്ന്. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇടക്കാല ജാമ്യ ഹരജി കൊച്ചിയിലെ വിചാരണ കോടതി തള്ളിയതിനു പിന്നാലെയാണ് ശിവശങ്കർ സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14നാണ് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ജയിലിൽ നിന്നിറങ്ങിയ ശിവശങ്കർ വീട്ടിലേക്കാണ് പോയത്. നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് എറണാകുളം മെഡിക്കൽ കോളജ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ശിവശങ്കറിന് സുപ്രീംകോടതി ജാമ്യം നൽകിയത്.