ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം; സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം

news image
Mar 5, 2024, 11:50 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇസ്രയേലിൽ മലയാളി യുവാവ് മിസൈൽ ആക്രമണത്തിൽ മരണപ്പെട്ടതിന് പിന്നാലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇസ്രയേലിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് പൗരന്മാരോട്  ആവശ്യപ്പെട്ടു. അതേസമയം നിലവിൽ ഇസ്രയേലിൽ ഉള്ളവർക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറ‌ഞ്ഞു.

നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ചും പ്രാദേശിക സുരക്ഷാ നിർദേശങ്ങൾ കണക്കിലെടുത്തുമാണ് ഇന്ത്യക്കാർക്കായി എംബസി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയത്. ഇസ്രയേലിലുള്ള എല്ലാ ഇന്ത്യക്കാരും, പ്രത്യേകിച്ച് തെക്ക്, വടക്ക് മേഖലകളിലെ അതിർത്തി പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരും, ആ പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നവരും ഇസ്രയേലിലെ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നാണ് നിർദേശം. എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേലി അധികൃതരുമായി എംബസി ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും നി‍ർദേശങ്ങൾക്കും +972 35226748 എന്ന നമ്പറിൽ 24 മണിക്കൂറും എംബസിയുമായി ബന്ധപ്പെടാം. ഇസ്രയേലിലുള്ള ഇന്ത്യക്കാർ തങ്ങൾക്ക് പരിചയമുള്ള മറ്റ് ഇന്ത്യൻ പൗരന്മാരിലേക്ക് ഈ വിവരം കൈമാറണമെന്നും എംബസി പറയുന്നു.

 

കൊല്ലം വാടി സ്വദേശി പാറ്റ് നിബിന്‍ മാക്‌സ് വെല്ലാണ് കഴിഞ്ഞ ദിവസം ഇസ്രയേലിൽ വ്യോമാക്രമണത്തിൽ മരിച്ചത്. ലെബനോനിൽ നിന്ന് അയച്ച മിസൈൽ ഇസ്രായേലിന്റെ വടക്കൻ അതിർത്തിയായ മാർഗ ലിയോട്ടിന് സമീപം പതിക്കുകയായിരുന്നു.  ഫാമിൽ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം. രണ്ട് മലയാളികളടക്കം ഏഴു പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട നിബിൻ രണ്ട് മാസം മുമ്പാണ് ഇസ്രയേലിലേക്ക് പോയത്. ജ്യേഷ്ഠ സഹോദരൻ നിവിൻ ഇസ്രായേലിലെത്തി ഒരാഴ്ചയ്ക്ക് ശേഷം നിബിനു എത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലരയോടെ നിവിൻ അച്ഛനെ വിളിച്ച് സഹോദരന്റെ മരണ വിവരം അറിയിച്ചു.

 

ഗൾഫിൽ പല ജോലികൾ ചെയ്തിട്ടും രക്ഷപ്പെടാതെ വന്നപ്പോഴാണ് നിബിൻ ഇസ്രയേലിലേക്ക് പോയത്. ഭാര്യ ഫിലോണ ഏഴ് മാസം ഗര്‍ഭിണിയാണ്. അഞ്ചു വയസുള്ള മകളുണ്ട്. നിബിന്റെ മൃതദേഹം നാട്ടിലേക്കെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe