ഇംഫാലിൽ വൻ സംഘർഷം; മൃതദേഹവുമായി ജനം തെരുവിൽ, ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു

news image
Jun 29, 2023, 4:09 pm GMT+0000 payyolionline.in

ഇംഫാൽ: വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ജനം തെരുവിൽ ഇറങ്ങിയതോടെ മണിപ്പുരിൽ വൻ സംഘർഷം.

വൈകിട്ട് ഏഴു മണിയോടെ ഇംഫാൽ നഗരത്തിലാണ് വൻസംഘർഷമുണ്ടായത്. കാങ്പോക്പിയിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി ഇംഫാൽ മാർക്കറ്റ് ഏരിയയിലെത്തിയ ആയിരത്തിലധികം വരുന്ന മെയ്തെയ് ജനക്കൂട്ടം കലാപം സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റോഡുകളും മറ്റും ടയറുകൾ കൂട്ടിയിട്ട് തീയിട്ട് തടഞ്ഞിരിക്കുകയാണ്. ഇതിനിടെ വൈകീട്ട് നാല് മണിയോടെ ഹരോതെൽ ഗ്രാമത്തിൽ വീണ്ടും വെടിവയ്പ്പുണ്ടായി.

കാങ്പോക്പി ജില്ലയിൽ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രാവിലെ ഒരാൾ കൊല്ലപ്പെട്ടത്. കുക്കികളുടെ ഗ്രാമമായ ഹരോതെലിൽ ആക്രമണമുണ്ടായതോടെ ഇന്ന് രാവിലെ 5.30നാണ് സൈന്യം ഇവിടെ എത്തിയത്. സൈന്യത്തിനുനേരെ ആയുധധാരികൾ വെടിവയ്ക്കുകയായിരുന്നുവെന്ന് ‌സൈനിക വക്താവ് അറിയിച്ചു. വെടിവയ്പ്പ് രൂക്ഷമായതോടെ കൂടുതൽ സൈന്യം സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. രാവിലെ 9 മണിവരെ ഏറ്റുമുട്ടൽ തുടർന്നു. മെയ്തെയ് വിഭാഗത്തിൽപ്പെട്ടയാളാണ് കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

അതേസമയം, കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe