‘ആ ശബ്ദതരംഗം അടിത്തട്ടിൽ നടന്ന പൊട്ടിത്തെറിയുടേത്’; ടൈറ്റൻ ചിതറിത്തെറിച്ചു, കണ്ടെത്തിയത് 5 ഭാഗങ്ങള്‍ മാത്രം

news image
Jun 23, 2023, 3:08 am GMT+0000 payyolionline.in

ബോസ്റ്റണ്‍: ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള ഓഷ്യൻ ഗേറ്റ് ടൈറ്റൻ അന്തർവാഹിനിയുടെ യാത്ര അവസാനിച്ചത് നടുക്കുന്ന ദുരന്തമായാണ്. ‘ടൈറ്റന്‍’ ജലപേടകത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം. അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കൻ കോസ്റ്റ്ഗാർഡ് റിയർ അഡ്മിറൽ ജോൺ മൊഗർ ആണ് ഈ വിവരം സ്ഥിരീകരിച്ചത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം.

സബ്മറൈൻ താഴേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാൽ മണിക്കൂർ കഴിഞ്ഞതോടെ അതിന്റെ സർഫസ് റിസർച്ച് വെസലുമായുള്ള ബന്ധങ്ങൾ അറ്റിരുന്നു. ഏതാണ്ട് അതേ സമയത്ത് തങ്ങളുടെ മാപിനികൾ പിടിച്ചെടുത്ത ഒരു അകോസ്റ്റിക് – (ശബ്ദ)തരംഗം ഈ മുങ്ങിക്കപ്പൽ കടലിന്റെ അടിയിൽ വെച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ആണെന്നാണ് അനുമാനിക്കാൻ കഴിയുന്നത് എന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു.

നേരത്തെ റെസ്ക്യൂ വിമാനങ്ങൾക്ക് കിട്ടിയ അകോസ്റ്റിക് ബാങ്ങിങ് നോയ്‌സ് പ്രദേശത്തുകൂടി സഞ്ചരിച്ച മറ്റേതെങ്കിലും കപ്പലിന്റെ ആയിരുന്നിരിക്കാം എന്നും അമേരിക്കൻ കോസ്റ്റ് ഗാർഡ് പറഞ്ഞു. ഒരു കനേഡിയൻ കപ്പലിൽ നിന്ന് പുറപ്പെട്ട ROV (റിമോട്ട്ലി ഓപറേറ്റഡ് വെഹിക്കിൾ) കാനഡയിലെ ന്യൂ ഫൗണ്ട് ലാൻഡിൽ ഉള്ള, സെന്റ് ജോൺസിൽ നിന്ന് 400മൈൽ അകലെ ഉൾക്കടലിൽ കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ മുൻ ഭാഗത്തിന്റെ അവശിഷ്ടത്തിൽ നിന്ന് 1600 അടി – (488m) അകലെയായി കിടക്കുന്ന നിലയിൽ ഈ അന്തർവാഹിനിയുടെ ടെയിൽ കോൺ കണ്ടെത്തുകയായിരുന്നു. സമുദ്രോപരിതലത്തിൽ നിന്ന് 2.5 മൈൽ താഴെ ( 4 km) താഴെയായിട്ടാണ് ഇത് കണ്ടെത്തിയത്.

22 അടി, (6.7m) നീളമാണ് ഈ അന്തർവാഹിനിക്ക് ഉള്ളത്. നടുക്ക് ഒരു പ്രഷർ ചേംബർ, അതിന്റെ പിൻ ഭാഗത്ത് ഒരു ടെയിൽ കോൺ, മുന്നിൽ ഒരു വ്യൂവിങ് ഹാച്ച് എന്നിങ്ങനെ ആണ് ഈ സബ് മറൈന്റെ ഡിസൈൻ. ഇതുവരെ കടലിന്റെ അടിത്തട്ടിൽ ചിതറി കിടക്കുന്ന രീതിയിൽ  ഓഷ്യൻ ഗേറ്റ് ടൈറ്റന്റെ അഞ്ചു ഭാഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഓഷ്യൻ ഗേറ്റ് സിഇഒ സ്റ്റോക്ക്ടൺ റഷ്, ബ്രിട്ടീഷ് ബില്യണർ എക്സ്പ്ലോറർ ഹാമിഷ് ഹാർഡിങ്, പാകിസ്താനി ശതകോടിശ്വരൻ ഷഹ്സാദാ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ഫ്രഞ്ച് ഓഷ്യാനോഗ്രാഫറും അറിയപ്പെടുന്ന ടൈറ്റാനിക് വിദഗ്ധനുമായ പോൾ ഹെൻറി നാർഷലോ എന്നിവരാണ് കാണാതായ സബ് മറൈനീൽ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും കൊല്ലപ്പെട്ടതായി ഓഷ്യൻ ഗേറ്റ് അധികൃതരും സ്ഥിരീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe