കൊച്ചി: അഞ്ചുവയസുകാരി ചാന്ദ്നിയെ കൊലപ്പെടുത്തിയ പ്രതി അസ്ഫാഖിനെ തെളിവെടുപ്പിനായി എത്തിച്ചെങ്കിലും ജനരോഷത്തെത്തുടർന്ന് തെളിവെടുക്കാനാകാതെ മടങ്ങി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടുത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതോടെ പൊലീസിന് തെളിവെടുപ്പ് നടത്താനായില്ല. വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നിട്ടും ജനങ്ങളെ നിയന്ത്രിക്കാനായില്ല. പൊലീസ് വാഹനം ജനങ്ങൾ തടഞ്ഞതോടെ പ്രതിയുമായി പൊലീസ് മടങ്ങുകയായിരുന്നു.
അവനെ വിട്ടുകൊടുക്കരുതെന്നും കയ്യും കാലും തല്ലിയൊടിക്കണമെന്നും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂര്‍ണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു.
ഉച്ചയോടെയാണ് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പ്രതി കുറ്റം സമ്മതിച്ചിരുന്നു. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.