‘അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കും, അവസ്ഥ ഷെയർ ചെയ്യാൻ പോലും അവൾക്ക് സാധിച്ചിട്ടില്ല’: വിഷ്ണുജയുടെ സുഹൃത്ത്

news image
Feb 3, 2025, 5:58 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. വിഷ്ണുജയെ പ്രഭിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്.

”അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോ അവളെന്നോട് എല്ലാം ഷെയറ് ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, നീ തിരിച്ചുപോരെ, വീട്ടിൽ നിന്നെ സ്വീകരിക്കും. അവിടെ പ്രശ്നമൊന്നുമില്ലെ എന്ന്. ജോലിയില്ല എന്നൊരു ബുദ്ധിമുട്ടും അവൾക്കുണ്ടായിരുന്നു. ജോലി കിട്ടിയാൽ എല്ലാം ശരിയാകുമല്ലോ. അവൾടെ വാട്ട്സ് ആപ്പ് അയാൾ കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് വാട്ട്സ് ആപ്പിലൊന്നും ഞങ്ങളോട് ഫ്രീയായി സംസാരിക്കാറില്ല. ടെല​ഗ്രാമിലാണ് സംസാരിക്കുന്നത്. അയാൾ അവളുടെ നമ്പറിൽ നിന്ന് ഇടയ്ക്ക് മെസേജ് അയക്കും. അയാളെക്കുറിച്ച് അവള് ഞങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ. വിളിച്ച് ഫോൺ സ്പീക്കറിലിട്ട് ഞങ്ങളോട് സംസാരിക്കാൻ അവളെ നിർബന്ധിക്കും. അവള് നേരത്തെ തന്നെ ഇത് ഞങ്ങളോട് പറഞ്ഞുവെക്കും. അവളുടെ അവസ്ഥ ഞങ്ങളോട് ഷെയറ് ചെയ്യാൻ പോലും അവൾക്ക് സാധിച്ചിട്ടില്ല. ഫോണൊക്കെ അയാള് ചെക്ക് ചെയ്യും.” വിഷ്ണുജ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്ത് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe