അമ്മയെ പരിപാലിക്കാൻ മടിച്ച് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊന്നു: മകൻ തൃശൂരിൽ അറസ്റ്റിൽ

news image
Oct 1, 2026, 5:34 am GMT+0000 payyolionline.in

തൃശൂർ: രോഗിയായ വയോധികയായ അമ്മയെ നോക്കാനുള്ള മടിയെത്തുടർന്ന് മകൻ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തൃശൂർ വരാക്കര സ്വദേശി എൽസിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ ബിനോയിയെ (48) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും വരാക്കരയിലെ ബന്ധുവീട്ടിലായിരുന്നു താമസം.

​കഴിഞ്ഞ രാത്രി വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തുപോയ സമയത്ത് മദ്യലഹരിയിലായിരുന്ന ബിനോയ്, കിടപ്പിലായിരുന്ന അമ്മയെ തലയിണ മുഖത്തമർത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് രാവിലെ ഇത് സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ബിനോയ് ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബന്ധുക്കളും പൊലീസും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.

​പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസം മുട്ടിയാണ് മരണമെന്നും മുഖത്ത് അമർത്തിയതിന്റെ അടയാളങ്ങളുണ്ടെന്നും കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, അമ്മയെ പരിചരിച്ചു മടുത്തതിനാലാണ് കൊലപാതകം നടത്തിയതെന്ന് ബിനോയ് കുറ്റസമ്മതം നടത്തി. കടുത്ത മദ്യപാനിയായ ഇയാളെ സ്വഭാവദൂഷ്യം കാരണം ഭാര്യ മുൻപേ ഉപേക്ഷിച്ചു പോയിരുന്നു. കിടപ്പിലായ അമ്മ തന്റെ മദ്യപാനത്തിനും സ്വൈര്യവിഹാരത്തിനും തടസ്സമാണെന്ന് കരുതിയാണ് ക്രൂരകൃത്യം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe