കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകൾ കാണാതായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാർക്ക് പരാതി. ഭരണാനുകൂല അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ യുവ അഭിഭാഷക സമിതി ഭാരവാഹികളാണ് ജില്ല കോടതികളുടെ മേൽനോട്ടച്ചുമതലയുള്ള രജിസ്ട്രാർക്ക് പരാതി നൽകിയത്.
കേസിലെ രേഖകൾ കാണാതായതിന് കാരണക്കാരെ ശിക്ഷിക്കുന്നതിനൊപ്പം വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ആ വർഷംതന്നെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും വിചാരണ നീണ്ടുപോയി. സെൻട്രൽ പൊലീസ് സമർപ്പിച്ച രേഖകൾ സെഷൻസ് കോടതിയിൽനിന്ന് കാണാതായ വിവരം ജഡ്ജിയാണ് ഹൈകോടതിയെ അറിയിച്ചത്. കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അടക്കം 11 രേഖകളാണ് കാണാതായത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ സേഫ് കസ്റ്റഡിയിൽനിന്നാണ് ഇവ അപ്രത്യക്ഷമായത്.
ഈ മാസം 18ന് കേസ് പരിഗണിക്കാനിരിക്കെ രേഖകൾ തയാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം. നഷ്ടപ്പെട്ട രേഖകൾ വീണ്ടും നൽകാൻ ഹൈകോടതി നിർദേശിച്ചതിനെത്തുടർന്ന് നടപടികൾ തുടരുകയാണ്. 11 രേഖകളുടെയും സോഫ്റ്റ് കോപ്പി കൈവശമുണ്ടെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.