അപരാജിത ബിൽ: പ്രധാന നിർദേശങ്ങൾ

news image
Sep 4, 2024, 1:52 pm GMT+0000 payyolionline.in

കൊൽക്കത്ത : ബലാത്സം​ഗ കേസുകളിൽ അതിവേ​ഗ വിചാരണയും പരമാവദി ശിക്ഷയുമുറപ്പാക്കുന്ന അപരാജിത ബിൽ പാസാക്കി ബം​ഗാൾ നിയമസഭ.  ഇന്നലെ സഭയിലെ മുഴുവൻ അം​ഗങ്ങളുടേയും പിൻബലത്തോടെയാണ്  ബിൽ പാസാക്കിയത്. ബലാത്സംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പരിഷ്കരിച്ച് അവതരിപ്പിച്ച ‘അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബിൽ 2024’ നിയമ ഭേദഗതിയിലൂടെ സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ശക്തിപ്പെടുത്തുകയെന്നതാണ് ലക്ഷ്യം.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ മാതൃകാപരമായ ശിക്ഷ നൽകുകയാണ് അപരാജിത ബിൽ ലക്ഷ്യം വയ്ക്കുന്നത്. കേസ് നടത്തിപ്പിലുണ്ടാകുന്ന കാലതാമസം വെല്ലുവിളിയായി തുടരുന്ന സാഹചര്യത്തിൽ അത് ഒഴിവാക്കാനും അപരാജിത ബില്ല് ലക്ഷ്യം വയ്ക്കുന്നു. ബലാത്സം​ഗത്തെ തുടർന്ന് ഇര കൊല്ലപ്പെട്ടാൽ പ്രതിക്ക് വധശിക്ഷ നിർദേശിക്കുന്നതാണ് പുതിയ ബിൽ.  ലൈം​ഗിക പീഡന കേസിലെ പ്രതിക്ക് പരോൾ ഇല്ലാതെ ജീവപര്യന്ത്യം ശിക്ഷ. കേസ് അന്വേഷണം 21 ദിവസത്തിനകം പൂർത്തീകരിക്കണമെന്നും ബിൽ നിർദേശിക്കുന്നു.

പ്രധാന നിർദേശങ്ങൾ

ലൈം​ഗിക ആക്രമണങ്ങളിൽ ഇരയുടെ മരിക്കുകയോ  കോമയിലാവുകയോ ചെയ്താൽ പ്രതിക്ക് വധശിക്ഷ.  ബലാത്സംഗമോ കൂട്ടബലാത്സംഗമോ ആരോപിക്കപ്പെടുന്നവർക്ക് ജീവപര്യന്തം തടവും ബിൽ നിർദ്ദേശിക്കുന്നു. ജീവിതകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരും. കുറ്റം ആവർത്തിക്കുന്നവർക്ക് കേസുകളിൽ ജീവപര്യന്തം കഠിന തടവോ  വധശിക്ഷയോ നൽകണം. ചില പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തിയിൽ നിന്ന്  സാമ്പത്തിക പിഴയും ഈടാക്കാം.

 

പ്രായത്തിന്റെ ആനുകൂല്യങ്ങൾ പ്രതിക്ക് നൽകുന്ന ചില വകുപ്പുകൾ നീക്കം ചെയ്യാനും ബില്ല് നിർദേശിക്കുന്നു. വിചാരണക്ക് അതിവേ​ഗ കോടതികൾ സ്ഥാപിക്കണം. പോക്സോ നിയമങ്ങൾ കർശനമാക്കും. സ്ത്രീ സുരക്ഷയ്ക്ക് അപരാജിത ടാസ്ക് ഫോഴ്സ് രൂപീകരിക്കണം തുടങ്ങിയവയാണ് ബില്ലിലെ മറ്റ്  നിർദേശങ്ങൾ.

ആർ ജി കർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട്‌ പശ്‌ചിമ ബംഗാളിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ്  മമത ബാനർജി സർക്കാർ ബിൽ പാസാക്കിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe