അപകീർത്തി കേസ്: രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

news image
Aug 4, 2023, 2:57 am GMT+0000 payyolionline.in

ഡല്‍ഹി: അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ‘മോദി’ പരാമർശത്തിലെ അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണം എന്നാണ് രാഹുൽ ഗാന്ധിയുടെ ആവശ്യം. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, ബി.ആർ. ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത്‌ ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ എത്തിയത്.

രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച ഹരജി കഴിഞ്ഞ തവണ പരിഗണിച്ച സുപ്രീം കോടതി പരാതിക്കാരനായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചിരുന്നു. തുടർന്ന്, രാഹുൽ ഗാന്ധിക്ക് ധാർഷ്ട്യമാണെന്ന് ആരോപിച്ച് പരാതിക്കാരനായ പൂർണേഷ് മോദി കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. എന്നാൽ, കേസിൽ താൻ മാപ്പ് പറയില്ലെന്ന് രാഹുൽ ഗാന്ധി കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.

ക്രിമിനൽ നടപടികളും ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അനന്തരഫലങ്ങളും ഉപയോഗിച്ച് മാപ്പ് പറയാൻ നിർബന്ധിച്ചത് ജുഡീഷ്യൽ നടപടികളുടെ കടുത്ത ദുരുപയോഗമാണെന്ന് രാഹുൽ സുപ്രീം കോടതിയെ അറിയിച്ചു. ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയും ഹരജിക്കാരനുമായ പൂര്‍ണേഷ് മോദി നിയമം ദുരുപയോഗം ചെയ്യുകയാണെന്നും രാഹുല്‍ ആരോപിച്ചു.

2019ൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ട്’ എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് ആധാരം. പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ സൂറത്ത് സെഷന്‍സ് കോടതി രാഹുലിന് രണ്ട് വര്‍ഷത്തേക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഈ വിധി വന്നതോടെ രാഹുലിനെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി. തുടർന്നാണ് രാഹുല്‍ ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി ഹരജി തള്ളുകയായിരുന്നു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച സുപ്രീം കോടതി എന്നാല്‍ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe