കുറ്റ്യാടി∙ ടൗണിൽ ഇന്നലെ ഉച്ചയ്ക്കുണ്ടായ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു. ദീരഘദൂര ബസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുരുക്കിൽ പെട്ടു. അനധികൃത വാഹന പാർക്കിങ്ങാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ഇതിനിടെ ചെറിയ പ്രകടനമോ മറ്റോ ഉണ്ടായാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും. ഇന്നലെ ടൗണിലെ ഗതാഗതക്കുരുക്ക് നീലേച്ചുകുന്ന് വരെയും പേരാമ്പ്ര റോഡിൽ ചെറിയകുമ്പളം വരെയും നീണ്ടു. പൊലീസും ഹോം ഗാർഡും മണിക്കൂറുകൾ ശ്രമിച്ചാണു ഗതാഗതം നിയന്ത്രിച്ചത്. ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ഫോറസ്റ്റ് റേഞ്ച് ഓഫിസ് മുതൽ മരുതോങ്കര റോഡിൽ സിറാജുൽ ഹുദ വരെയും പേരാമ്പ്ര റോഡിൽ പൊലീസ് സ്റ്റേഷൻ വരെയും തൊട്ടിൽപാലം റോഡിൽ പെട്രോൾ പമ്പ് വരെയും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നു തീരുമാനം എടുത്തിരുന്നു.
ടൗൺ ജംക്‌ഷനിൽ ബസുകൾ നിർത്തി ആളെ കയറ്റുന്നതും ഒഴിവാക്കാനും ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. തോന്നുംപടി വാഹനങ്ങൾ നിർത്തിയിടുന്നതാണു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. ആംബുലൻസ് ഉൾപ്പെടെ കുരുക്കിൽ പെടുന്നുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനു തുടക്കം കുറിച്ച ബൈപാസ് നിർമാണവും ഇതുവരെയും തുടങ്ങിയിട്ടില്ല. കടേക്കച്ചാൽ വഴി കുറ്റ്യാടി വലിയ പാലത്തിന് അടുത്ത് എത്തുന്ന ബൈപാസ് യാഥാർഥ്യമാക്കിയാൽ മാത്രമേ ഗതാഗതക്കുരുക്കിനു പരിഹാരമാകുകയുള്ളൂ.