ദില്ലി: അമേഠിയിൽ അധ്യാപികനെയും ഭാര്യയെയും അവരുടെ പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൊഴി വെളിപ്പെടുത്തി പൊലീസ്. അധ്യാപകന്റെ ഭാര്യയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടെന്നും ബന്ധം വഷളായതോടെയാണ് കൊല നടത്തിയതെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ നോയിഡക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് പ്രതിയായ ചന്ദൻ വർമയെ പൊലീസ് അറസ്റ്റ് ചെയ്തത്. കാലിന് വെടിവെച്ചാണ് ഇയാളെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച മോട്ടോർ സൈക്കിളും പിസ്റ്റളും പൊലീസ് കണ്ടെടുക്കുന്നതിനിടെ ഇയാൾ പൊലീസുകാരൻ്റെ തോക്ക് തട്ടിയെടുത്ത് വെടിവയ്ക്കുകയായിരുന്നു.
സുനിൽ കുമാർ, ഭാര്യ പൂനം, അവരുടെ ഒന്നും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരെ വ്യാഴാഴ്ചയാണ് അമേത്തിയിലെ ഭവാനി നഗറിലെ വീട്ടിൽ വെടിവെച്ച് കൊലപ്പെടുത്തിയത്. നേരത്തെ ചന്ദൻ വർമക്കെതിരെ പൂനം പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും എന്തെങ്കിലും സംഭവിച്ചാൽ ഇയാളായിരിക്കും ഉത്തരവാദിയായിരിക്കുമെന്നും പൂനം പറഞ്ഞിരുന്നു. ചന്ദൻ വർമ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും പൂനം ആരോപിച്ചിരുന്നു. ദില്ലിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ കൂടിയത്. പ്രതി ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ എല്ലാ വെടിയുണ്ടകളും ഒരു പിസ്റ്റളിൽ നിന്നുള്ളതാണെന്നും പൊലീസ് പറഞ്ഞു. ഇയാൾ 10 വെടിയുണ്ടകൾ ഉതിർത്തു. കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവയ്ക്കാൻ ശ്രമിച്ചു. പക്ഷേ ബുള്ളറ്റ് തെറ്റി. വീണ്ടും വെടിവെക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സെപ്തംബർ 12 ന് ഒരു വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ പൂനത്തെയും കുടുംബത്തെയും കൊല്ലുമെന്ന് ഇയാൾ വാട്സ് ആപ് സ്റ്റാറ്റസ് ഇട്ടിരുന്നു. ആഗസ്റ്റ് 18 ന് റായ്ബറേലിയിലെ ആശുപത്രിയിൽ ഇയാൾ തന്നെ ലൈംഗികമായി ഉപദ്രവിച്ചത് പ്രതിഷേധിച്ചപ്പോൾ തന്നെയും ഭർത്താവിനെയും തല്ലിയെന്നും പൂനം പരാതിയിൽ പറഞ്ഞിരുന്നു.