അങ്കമാലിയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ

news image
Jan 27, 2024, 2:42 pm GMT+0000 payyolionline.in

അങ്കമാലി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി. പാറക്കടവ് പുളിയനം മില്ലുപടിയിൽ പുന്നക്കാട്ട് വീട്ടിൽ ബാലനെയാണ് (70) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 20നാണ് ഭാര്യ ലളിതയെ (62) പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുക്കി ബാലൻ കൊലപ്പെടുത്തിയത്. കയറിന്റെ ഒരുഭാഗം ലളിതയുടെ കഴുത്തിലും മറുഭാഗം സോഫയുടെ കാലിലും കെട്ടിയായിരുന്നു കൊലപ്പെടുത്തിയത്.

ലളിതയോട് പതിവായി പുലർത്തിവന്ന പകയും, വെറുപ്പുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന പ്രതി വീട്ടുകാരും, നാട്ടുകാരുമായും അകന്നാണ് കഴിഞ്ഞിരുന്നത്. നിരന്തര പീഡനം രൂക്ഷമായതോടെ നാല് മാസം മുമ്പ് ലളിത അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. അതിനിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ലളിതയുടെ മകൻ മോഹിന്ദ് രാത്രിയിൽ ജോലി കഴിഞ്ഞ് വന്നപ്പോഴാണ് അമ്മ കൊലചെയ്യപ്പെട്ട സംഭവം കണ്ടത്. മോഹിന്ദിന്റെ ഓട്ടിസം ബാധിച്ച സഹോദരിയെ ശുചി മുറിയിൽ അടച്ചിട്ട ശേഷമായിരുന്നു കൃത്യം നടത്തിയത്. നാട്ടുകാരുമായി ബന്ധമോ, മൊബൈൽ ഉപയോഗമോ ഇല്ലാത്ത പ്രതി സംഭവ ശേഷം ഒളിവിൽ പോവുകയായിരുന്നു.

അതോടെ പ്രതിയെ കണ്ടെത്താൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിക്കുകയും ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡി.വൈ.എസ്.പി എ.പ്രസാദ്, ഇൻസ്പെക്‌ടർ പി. ലാൽ കുമാർ, എസ്.ഐ മാർട്ടിൻ ജോൺ, എ.എസ്.ഐമാരായ രാജേഷ് കുമാർ, കെ.പി വിജു, സീനിയർ സി.പി.ഒമാരായ അജിത തിലകൻ ദിലീപ് കുമാർ, എബി സുരേന്ദ്രൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe