‘അംഗീകരിക്കപ്പെട്ടതിൽ സന്തോഷം’: പ്രവർത്തക സമിതി അംഗത്വത്തിൽ ആദ്യ പ്രതികരണവുമായി തരൂർ

news image
Aug 20, 2023, 12:38 pm GMT+0000 payyolionline.in

ദില്ലി: കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ശശി തരൂർ രംഗത്ത്. അംഗീകരിക്കപ്പെട്ടതിൽ സന്തോഷമെന്നാണ് തരൂർ പ്രതികരിച്ചത്. പ്രവർത്തകരെ നമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവർത്തക സമിതിയിൽ ഉൾപ്പെടുന്നത് അഭിമാനമായി കരുതുന്നു എന്നും തരൂർ ‘എക്സി’ൽ കുറിച്ചു. കഴിഞ്ഞ 138 വർഷമായി കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിൽ സി ഡബ്ല്യു സി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയിൽ, അതിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. പാർട്ടിയും പ്രവർത്തകരും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും തരൂർ വ്യക്തമാക്കി.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയുടെ എതിരാളിയായി മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ തരൂരിന് ഇടം ലഭിക്കുമെയെന്ന കാര്യത്തിൽ വലിയ ആകാക്ഷയുണ്ടായിരുന്നു. എല്ലാത്തരം ആകാംക്ഷകൾക്കും കൂടിയാണ് കോൺഗ്രസ് നേതൃത്വം ഇന്ന് ഉത്തരം നൽകിയിരിക്കുന്നത്. പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കുമെന്നതാണ് മെച്ചം.

39 അംഗ പ്രവർത്തക സമിതിയെ ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരുമാണ് പ്രവർത്തക സമിതിയിലുള്ളത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉൾപ്പപ്പെടുത്തിയിട്ടുണ്ട്. രാജസ്ഥാനിൽ ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ഉൾപ്പെടുത്തി. തിരുത്തൽ വാദികളായ ജി – 23  നേതാക്കളെയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജി – 23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായി ഉൾപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe