ഒരു വാഹന നമ്ബർ സ്വന്തമാക്കണമെങ്കില്‍ എന്ത് ചിലവ് വരും. ഇന്നലെ വരെ കേരളത്തിലെ ഏറ്റവും വിലയേറിയ വാഹന നമ്ബരിന്റെ വില 31 ലക്ഷം രൂപയായിരുന്നു.
എന്നാല്‍, ആ തുക ഇനി പഴംകഥ. ഇന്നലെ എറണാകുളം ജില്ലയില്‍ നടന്ന ഫാൻസി നമ്ബർ ലേലത്തില്‍ ഒരു വാഹന നമ്ബർ വിറ്റുപോയത് 46.24 ലക്ഷം രൂപയ്‌ക്കാണ്! കെ.എല്‍. 07 ഡി.ജി 0007 എന്ന നമ്ബരാണ് വൻ വില കൊടുത്ത് വേണുഗോപാലകൃഷ്ണൻ എന്നയാള്‍ സ്വന്തമാക്കിയത്.
ഈ ഫാൻസി നമ്ബർ ലക്ഷങ്ങള്‍ കൊടുത്ത് വേണുഗോപാലകൃഷ്ണൻ സ്വന്തമാക്കാൻ ഒരു കാരണമുണ്ട്. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്ബനിയുടെ ഉടമയാണ് ഇദ്ദേഹം. സ്വന്തം കമ്ബനിയുടെ പേര് തന്നെ വാഹന നമ്ബരായി ലഭിക്കാനായാണ് ലക്ഷങ്ങള്‍ ചിലവാക്കിയത്. കൊച്ചി കേന്ദ്രമായുള്ള ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് പ്രവർത്തിക്കുന്നത് ഇൻഫോപാർക്കിലെ ലുലു ടവറിലാണ്.
പരിവാഹൻ സൈറ്റിലെ ഓണ്‍ലൈൻ ലേലം രാവിലെ 10.30ന് അവസാനിച്ചപ്പോള്‍ 46.24 ലക്ഷം രൂപയ്‌ക്കാണ് വേണു ഗോപാലകൃഷ്ണൻ ഈ നമ്ബർ സ്വന്തമാക്കിയത്. കമ്ബനിയുടെ ലംബോർഗിനി ഉറൂസ് എസ്.യു.വിക്ക് വേണ്ടിയാണ് ഫാൻസി നമ്ബർ. നാലു കോടി രൂപയിലേറെയാണ് ഈ വാഹനത്തിന്റെ വില.
ഈ നമ്ബറിനായുള്ള ലേലത്തില്‍ മത്സരിക്കാൻ 25000 രൂപയടച്ച് അഞ്ച് പേർ രംഗത്തുണ്ടായിരുന്നു.കേരളത്തില്‍ മുമ്ബ് ഏറ്റവും ഉയർന്ന തുകയുടെ നമ്ബർ ലേലം 2019ലായിരുന്നു. കെ.എല്‍ 01 സി.കെ. 0001 എന്ന നമ്ബർ 31 ലക്ഷം രൂപയ്‌ക്കാണ് അന്ന് ലേലത്തില്‍ പോയത്. ഇന്നലെ എറണാകുളം ആർ.ടിഒയ്ക്ക് കീഴിലുള്ള കെ.എല്‍ 07 ഡിജി 0001 എന്ന നമ്ബർ 25.52 ലക്ഷം രൂപയ്‌ക്ക് പിറവം സ്വദേശി തോംസണ്‍ സാബു സ്വന്തമാക്കി. ഈ ലേലത്തില്‍ ഒരു ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടിയിരുന്നത്. 07 ഡി.ജി 0007 ഫാൻസി നമ്ബരിന്റെ ലേലത്തിലും തോംസണ്‍ പങ്കെടുത്തിരുന്നു. ഫാൻസി നമ്ബരുകള്‍ സ്വന്തമാക്കിയവർ അഞ്ച് ദിവസത്തിനകം ബാക്കി തുക ഒടുക്കി നടപടിക്രമങ്ങള്‍ പൂർത്തിയാക്കണം.