‘കുഞ്ഞ് അമ്മയെ കണ്ട് ഓടിയതാണ്; ചവിട്ടി വെട്ടിച്ച് മാറ്റി’ – ബസ് ഡ്രൈവർ ഷനോജ്

news image
Feb 2, 2026, 8:47 am GMT+0000 payyolionline.in

കോഴിക്കോട് : കൊടിയത്തൂരിൽ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സ്വകാര്യ ബസിന്‍റെ ഡ്രൈവര്‍ ഷനോജ്. കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സംഭവം മനസിന് വലിയ ആഘാതമുണ്ടാക്കിയെന്നും രണ്ടു ദിവസം ജോലിക്ക് പോയില്ലെന്നും ബസ് ഡ്രൈവര്‍ ഷനോജ്  പറഞ്ഞു. സംഭവത്തിനുശേഷം ഇന്നാണ് ബസിൽ വീണ്ടും ജോലിക്ക് കയറുന്നതെന്നും ഒരു രക്ഷിതാക്കളും ഇത്തരത്തിൽ അശ്രദ്ധ കാണിക്കരുതെന്നും  ദൈവം ആണ് ഇടപെട്ടതെന്നും തന്‍റെ കൈകളല്ലെന്നും ഷനോജ് പറഞ്ഞു. ഇടതുവശത്ത് ഓട്ടോ നിര്‍ത്തിയത് കണ്ടിരുന്നു. അവിടെ നിന്ന് റോഡിന്‍റെ അപ്പുറത്തുണ്ടായിരുന്ന അമ്മയുടെ അടുത്തേക്ക് കുഞ്ഞ് ഓടുകയായിരുന്നു.

 

ഓട്ടോയുടെ മറവിൽ നിന്ന് കുഞ്ഞ് വരുന്നത് കണ്ടയുടനെ ബസ് ചവിട്ടി വെട്ടിച്ച് മാറ്റുകയായിരുന്നുവെന്നും എന്തോ ഭാഗ്യം കൊണ്ട് നൂലിട വ്യത്യാസത്തിൽ കുഞ്ഞിനെ തട്ടാതെ നിന്നുവെന്നും ഷനോജ് പറഞ്ഞു. സംഭവം വലിയ ഷോക്കായിപ്പോയി. വീട്ടിൽ തനിക്കും ഇതുപോലെ രണ്ട് ചെറിയ കുട്ടികളുണ്ട്. വെള്ളിയാഴ്ച നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യം ഇന്നാണ് ഗ്രൂപ്പുകളിലിട്ടത്. രക്ഷിതാക്കള്‍ അറിയട്ടെയെന്ന് കരുതിയാണ് വീഡിയോ ഷെയര്‍ ചെയ്തതെന്നും ഷനോജ് പറഞ്ഞു. മലയാളികള്‍ അല്ലെന്നും ഇതരസംസ്ഥാനക്കാരാണെന്നും ആരായാലും ഇത്തരത്തിൽ റോഡിൽ കുട്ടികളെ അശ്രദ്ധമായി കൊണ്ടുനടക്കരുതെന്നും ഷനോജ് പറയുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഷനോജിനെ അഭിനന്ദിച്ച് നിരവധി കോളുകളാണ് ലഭിക്കുന്നത്.

ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. കോഴിക്കോട് കൊടിയത്തൂരിലാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് അപകടത്തിൽ നിന്ന് കുഞ്ഞ് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഉണ്ടായത്. സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുഞ്ഞ് രക്ഷപ്പെടാൻ കാരണമായത്. കൊടിയത്തൂരിലെ ഷനോജ് ആണ് ബസ് ഓടിച്ചിരുന്നത്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിന്‍റെ മറുഭാഗത്തേക്ക് കുഞ്ഞ് ഓടിപോവുകയായിരുന്നു. ഇതിനിടയിലാണ് സ്വകാര്യ ബസ് വന്നത്. കുഞ്ഞിനെ കണ്ടതും ബസ് ഡ്രൈവര്‍ ബസ് വലതുവശത്തേക്ക് അൽപ്പം മാറ്റി സഡൻ ബ്രേക്കിട്ട് നിര്‍ത്തുകയായിരുന്നു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe