ദേശീയ റോപ്വേ വികസന പദ്ധതിയായ പർവത്മാല പരിയോജന പ്രകാരം ഉത്തരാഖണ്ഡിലെ സോൻപ്രയാഗ് മുതൽ കേദാർനാഥ് വരെയുള്ള (12.9 കിലോമീറ്റർ) റോപ്വേ പദ്ധതി വികസിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (സിസിഇഎ) റോപ്വേ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം നൽകി. ആകെ 4,081.28 കോടി രൂപ മൂലധനച്ചെലവിൽ പദ്ധതി വികസിപ്പിക്കും.
സന്തുലിതമായ സാമൂഹ്യ-സാമ്പത്തിക വികസനം വളർത്തുന്നതിനും, മലയോര പ്രദേശങ്ങളിൽ അങ്ങേയറ്റം വരെയും യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെയ്പ്പാണ് റോപ്വേ പദ്ധതിയുടെ വികസനം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്ര ഗൗരികുണ്ഡിൽനിന്ന് 16 കിലോ മീറ്റർ കയറ്റം നിറഞ്ഞതാണ്. നിലവിൽ കാൽനടയായോ കുതിരകൾ, പല്ലക്കുകൾ, ഹെലികോപ്റ്റർ എന്നിവയിലൂടെയോ ആണ് ഇവിടേക്ക് യാത്ര നടത്തുന്നത്. ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിനും സോൻപ്രയാഗിനും കേദാർനാഥിനും ഇടയിൽ എല്ലാ കാലാവസ്ഥയിലും യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനുമാണ് നിർദിഷ്ട റോപ്വേയുടെ ആസൂത്രണം.