‘5 മാസം പണിയെടുത്തതിന്റെ ശമ്പളമാണ് ചോദിക്കുന്നത്’; പ്രതിസന്ധിയിൽ 200 ലേറെ കൈറ്റ് അധ്യാപകർ 

news image
Jan 16, 2024, 4:22 am GMT+0000 payyolionline.in

കണ്ണൂർ: സംസ്ഥാനത്തെ കൈറ്റ് മാസ്റ്റർ ട്രെയിനർമാർക്ക് പകരമുള്ള ഇരുന്നൂറിലധികം അധ്യാപകർക്ക് അഞ്ച് മാസമായി ശമ്പളം കിട്ടുന്നില്ല. നവകേരള സദസിലടക്കം പരാതി നൽകിയിട്ടും പരിഹാരമായില്ല. ധനവകുപ്പിൻ്റെ പരിഗണനയിലാണ് ഫയലെന്നായിരുന്നു പരാതിക്ക് ലഭിച്ച മറുപടി. ശമ്പളം മുടങ്ങിയതോടെ മറ്റ് ജോലികൾ തേടുകയാണ് പലരും. അഞ്ചുമാസം പണിയെടുത്തതിന്റെ ശമ്പളം  ചോദിക്കുന്നത് താൽക്കാലിക അധ്യാപകരാണ്.

കൈറ്റ് മാസ്റ്റർ ട്രെയിനർ പരിശീലനത്തിന് ജില്ലാ കേന്ദ്രങ്ങളിലേക്ക് പോയ സ്കൂൾ അധ്യാപകർക്ക് പകരമെത്തിയവരാണ് ഇവർ. സംസ്ഥാനത്താകെ  228 പേരാണ് ഇത്തരത്തിൽ ജോലി ചെയ്യുന്നത്. ജൂണിലാണ് ജോലിയിൽ പ്രവേശിച്ചത്. ആദ്യ രണ്ടുമാസം സ്കൂൾ അക്കൗണ്ട് വഴിയായിരുന്നു ശമ്പളം. സ്വന്തം അക്കൗണ്ടിലേക്ക് നേരിട്ട് മാറ്റിയ ശേഷം കിട്ടിയത് ഓഗസ്റ്റിലെ ശമ്പളം മാത്രമാണെന്ന് അധ്യാപകർ പറയുന്നു. നവംബറിൽ നവകേരളസദസ്സിൽ നൽകിയ പരാതിയും എത്തേണ്ടിടത്ത് എത്തിയില്ല.മന്ത്രിസഭ ഇനിയും പരിഗണിച്ചില്ലെങ്കിൽ ഇവരുടെ ഗതികേട് തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe