48 മണിക്കൂർ പിന്നിട്ടിട്ടും സൈഫ് അലി ഖാ​ന്റെ അക്രമി ഒളിവിൽ തന്നെ; അധോലോക ബന്ധമില്ലെന്ന് മഹാരാഷ്ട്ര മന്ത്രി

news image
Jan 18, 2025, 7:18 am GMT+0000 payyolionline.in

മുംബൈ: നടൻ സെയ്ഫ് അലി ഖാൻ ക്രൂരമായി ആക്രമിക്കപ്പെട്ട് 48 മണിക്കൂർ പിന്നിട്ടിട്ടും കുറ്റവാളി ഒളിവിൽതന്നെ. സംഭവം അന്വേഷിക്കുന്ന ബാന്ദ്ര പൊലീസും മുംബൈ ക്രൈംബ്രാഞ്ച് സംഘങ്ങളും തങ്ങളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് കാര്യമായ വിവരങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ആക്രമണത്തിൽ അധോലോക സംഘങ്ങൾക്ക് പങ്കില്ലെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി യോഗേഷ് കദം പറയുന്നത്.
അക്രമി ഏതെങ്കിലും ക്രിമിനൽ സംഘത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളല്ലെന്നും ആരുടെ വീട്ടിലാണ് കടന്നതെന്ന് പോലും അറിയില്ലായിരുന്നുവെന്നുമാണ് ഇതുവരെ നടത്തിയ അന്വേഷണത്തെ ഉദ്ധരിച്ച് പൊലീസും പറഞ്ഞു.

അക്രമി രക്ഷപ്പെട്ടതിനെ കുറിച്ച് പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. ഖാന്റെ 11ാം നിലയിലുള്ള വസതിയിൽ എത്താൻ ഇയാൾ ഫയർ എസ്‌കേപ്പ് സ്റ്റെയർവെൽ ഉപയോഗിച്ചുവെന്നും അതേവഴിയാണ് കെട്ടിടത്തിൽ നിന്ന് പുറത്തുകടന്നതെന്നും കരുത​പ്പെടുന്നു. കോണിപ്പടിയിൽ മുഖംമൂടി ധരിച്ച നിലയിൽ അക്രമിയുടെ മുഖം സി.സി.ടി.വി ദൃശ്യങ്ങൾ കാണിക്കുന്നു. എന്നാൽ, കെട്ടിടത്തിന്റെ ഇടനാഴികളിലോ ഖാന്റെ ഫ്ലാറ്റിനുള്ളിലോ കാമറകളൊന്നുമില്ല.

നുഴഞ്ഞുകയറ്റക്കാരന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നുള്ള ലക്ഷണങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളെ ദക്ഷിണ മുംബൈയിൽനിന്ന് പിടികൂടിയെങ്കിലും എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ ഇയാളെ വിട്ടയച്ചു.

അക്രമിയെ കണ്ടെത്തുന്നതിനായി കുറഞ്ഞത് 30 ടീമുകളെങ്കിലും രൂപീകരിച്ചിട്ടുണ്ട്. ഖാന്റെ വീട്ടിൽ അടുത്തിടെ ജോലി ചെയ്തിരുന്ന രണ്ട് മരപ്പണിക്കാർ ഉൾപ്പെടെ ഒന്നിലധികം വ്യക്തികളെ ചോദ്യം ചെയ്തു. ഖാന്റെ ഭാര്യ കരീന കപൂർ വെള്ളിയാഴ്ച പോലീസിന് മൊഴി നൽകി. ആക്രമണസമയത്ത് പ്രദേശത്ത് പുതിയ നമ്പറുകളുണ്ടോയെന്ന് കണ്ടെത്താൻ മൊബൈൽ ഡാറ്റയും അധികൃതർ വിശകലനം ചെയ്യുന്നു.

ഏറ്റുമുട്ടലിനിടെ നട്ടെല്ലിനും കഴുത്തിനും കൈകൾക്കും കുത്തേറ്റ ഖാൻ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. ഐ.സി.യുവിൽ നിന്ന് ആശുപത്രിയിലെ പ്രത്യേക മുറിയിലേക്ക് മാറ്റി. സുഖം പ്രാപിക്കുന്നത് അനസുരിച്ച് തിങ്കളാഴ്ചയോടെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe