തലസ്ഥാന നഗരത്തില്‍ ഇലക്ട്രിക് ബസ് 38 ലക്ഷം ലാഭത്തില്‍

news image
Jan 20, 2024, 7:27 am GMT+0000 payyolionline.in
തിരുവനന്തപുരം: തലസ്ഥാനത്തെ നഗരത്തിലെ ഇലക്‌ട്രിക്‌ ബസ്‌ സർവീസ്‌ ലാഭകരം. പ്രതിമാസം 38 ലക്ഷം രൂപയുടെ ലാഭത്തിലാണ്‌ 110 ബസുകൾ സർവീസ്‌ നടത്തുന്നത്‌. സ്വിഫ്‌റ്റിന്‌ കീഴിൽ സിറ്റി സർക്കുലറായാണ്‌ ഇത്രയും ബസുകൾ ഓടുന്നത്‌. 10 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സിറ്റി സർക്കുലറിൽ പൂർണമായും ഇലക്‌ട്രിക്‌ ബസുകളാണുള്ളത്‌. ഇതിൽ 50 ബസ്  കെഎസ്‌ആർടിസി വാങ്ങിയതും 6-0 എണ്ണം സ്‌മാർട്ട്‌ സിറ്റി പദ്ധതിയിലായി തിരുവനന്തപുരം നഗരസഭ വാങ്ങി നൽകിയതുമാണ്‌.

ഡീസൽ ബസ്‌ ഒരു കിലോമീറ്റർ സർവീസ്‌ നടത്താൻ 65 രൂപ ചെലവ്‌ വരുന്നതായാണ്‌ കണക്ക്‌. ഡീസൽ, സ്പെയർ പാർട്‌സ്‌, കണ്ടക്ടർ, ഡ്രൈവർ എന്നിവരുടെ കൂലി ഉൾപ്പെടെ കണക്കാക്കിയാണിത്‌. അതേസമയം, ഇലക്‌ട്രിക്‌ ബസിനുള്ള ചെലവ്‌ 25  രൂപമാത്രമാണ്‌. മലിനീകരണവുമില്ല. ഒരുലിറ്റർ ഡീസലിന്‌ 98.53  രൂപയാണ്‌ വെള്ളിയാഴ്‌ച കെഎസ്‌ആർടിസി നൽകിയത്‌. ഒരു ലിറ്റർ ഡീസൽ അടിച്ചാൽ രണ്ടരമുതൽ നാല്‌ കിലോമീറ്റർവരെ ഓടാം. ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ 4.83 രൂപയാണ്‌ കെഎസ്‌ഇബിക്ക്‌ നൽകേണ്ടത്‌.

60 യൂണിറ്റ്‌ വൈദ്യുതിയുണ്ടെങ്കിൽ ഇലക്‌ട്രിക്‌ ബസിന് ഫുൾചാർജാകും. 140 കിലോമീറ്റർ ഓടും. ഡീസൽ ബസ്‌ ഒരു കിലോമീറ്ററിൽനിന്നുള്ള വരുമാനം  ശരാശരി 35 മുതൽ 38 രൂപയാണ്‌. അതേസമയം, ഇലക്‌ട്രിക്‌ ബസിൽനിന്ന്‌ 36.88 രൂപയാണ്‌ വരുമാനം. ഇലക്‌ട്രിക്‌ ബസിന്റെ ആയുസ്സ്‌ 12ഉം ഡീസൽ ബസിന്റേത്‌ 22 വർഷവുമാണ്‌.
2022 ആഗസ്‌ത്‌ ഒന്നിനാണ്‌ 50 ഇലക്‌ട്രിക്‌ ബസുകൾ സിറ്റി സർക്കുലറിന്റെ ഭാഗമായത്‌. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ സ്‌മാർട്ട്‌സിറ്റി പദ്ധതിയിലൂടെ 60 ബസുകൂടി എത്തി. തുടക്കത്തിൽ ദിവസം 1000 പേരാണ്‌ ബസിൽ കയറിയത്‌. നിലവിൽ ശരാശരി 80,000 പേർ ബസുകളിൽ കയറുന്നതായാണ്‌ കണക്ക്‌. താമസിയാതെ 53 ഇലക്‌ട്രിക്‌ ബസ്‌ കൂടി എത്തും. നഗരസഭയുടെ സ്‌മാർട്ട്‌ സിറ്റി പദ്ധതി വഴിയാണിത്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe