പത്തനംതിട്ട> ജറുസലേം, ബെത്ലഹേം തീർഥാടനത്തിന് പുറപ്പെട്ട 38 അംഗ മലയാളി സംഘം പലസ്തീനിൽ കുടുങ്ങി. ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് പുറപ്പെട്ട സംഘമാണ് ശനി ഉച്ചയോടെ ബെത്ലഹേമിൽ കുടുങ്ങിയത്. രണ്ടു വൈദികരുൾപ്പെട്ട സംഘം ബെത്ലഹേമിലെ ‘ബത്ലഹേം’ ഹോട്ടലിലാണിപ്പോൾ. ഇവർ വർഷങ്ങളായി മുംബൈയിലാണ് താമസം. പത്തനംതിട്ട ഇരവിപേരൂർ നെല്ലാട് സ്വദേശി മനു മുംബൈയിൽ നടത്തുന്ന ‘സിതഹോളിഡേയ്സ്’ ആണ് യാത്ര സംഘടിപ്പിച്ചത്.
വർഷങ്ങളായി മുംബൈയിലുള്ള മനുവും സംഘത്തിലുണ്ട്. ഭക്ഷണത്തിന് ഇതുവരെ ബുദ്ധിമുട്ടില്ലെന്ന് മനു ദേശാഭിമാനിയോട് പറഞ്ഞു. ശനി രാവിലെ ജെറുസലേമിൽ സിനി മാർക്ക് കത്തീഡ്രലിൽ പ്രാർഥനയിൽ പങ്കെടുത്ത് ഇറങ്ങുമ്പോഴാണ് അപകടസൈറൺ മുഴങ്ങിയത്. തുടർന്ന് ഷെല്ലും ബോംബും പൊട്ടുന്നതിന്റെ ശബ്ദവും കേട്ടു. തുടർയാത്രയിൽ സൂക്ഷിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ഒരു മണിക്കൂർ കൊണ്ട് പലസ്തീൻ പ്രദേശമായ ബെത്ലഹേമിലെത്തി. പലസ്തീനിൽ അതിർത്തിയെല്ലാം അടച്ചിരിക്കുകയാണ്. പലസ്തീൻ മേഖലയിൽ ശനിയാഴ്ച പൊതു അവധിയായിരുന്നതിനാൽ നിരത്തുകളിൽ തിരക്കില്ലായിരുന്നു. ഞായറാഴ്ച ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലേക്ക് പോകാനായിരുന്നു പരിപാടി.
വിവരങ്ങളെല്ലാം ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. എംബസിയുടെ നിർദേശാനുസരണമാകും തുടർയാത്രയെന്ന് തീരുമാനിക്കുകയെന്നും മനു പറഞ്ഞു. 11 ദിവസത്തെ യാത്രയാണ് സംഘം നിശ്ചയിച്ചിരുന്നത്.