ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ പൊലീസ് റിപ്പോർട്ട് നൽകി; സമരം നിർത്താൻ ഹർഷിന

news image
Sep 2, 2023, 4:24 am GMT+0000 payyolionline.in

കോഴിക്കോട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ പന്തീരാങ്കാവ് സ്വദേശി കെ.കെ.ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ നടത്തന്ന സത്യഗ്രഹ സമരം നിർത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇതുമായി ബന്ധപ്പെട്ട് ഹർഷിന സമരപ്പന്തലിൽ വാർത്താ സമ്മേളനം നടത്തും. സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമപോരാട്ടം നടത്തുമെന്നും ഹർഷിന വ്യക്തമാക്കി. സംഭവത്തിൽ 2 ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് പൊലീസ് കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് നൽകിയ സാഹചര്യത്തിലാണു പ്രത്യക്ഷ സമരത്തിൽനിന്ന് പിൻമാറുന്ന കാര്യം ഹർഷിന പരിഗണിക്കുന്നത്.

കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ഹർഷിന മെഡിക്കൽ കോളജിനു മുൻപിൽ നടത്തുന്ന സത്യഗ്രഹം 103 ദിവസം പിന്നിടുമ്പോഴാണ്, പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള നീക്കം.

പ്രതിചേർത്ത ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെ 2 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസി. പ്രഫസർ ഡോ. സി.കെ.രമേശൻ (42), കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എം.ഷഹന (32), മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം.രഹന (33), കെ.ജി.മഞ്ജു (43) എന്നിവരാണ് യഥാക്രമം കേസിലെ ഒന്നു മുതൽ 4 വരെയുള്ള പ്രതികൾ.

2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണു ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് കുടുങ്ങിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. അന്നു ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണു പ്രതിപ്പട്ടികയിൽ ഉള്ളത്. ഈ കേസിൽ നേരത്തെ എഫ്ഐആറിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സൂപ്രണ്ട്, 2017, 2022 കാലത്ത് യൂണിറ്റ് ചീഫുമാരായിരുന്ന 2 ഡോക്ടർമാർ എന്നിവരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളജ് എസിപി കെ.സുദർശൻ കോടതിക്കു റിപ്പോർട്ട് നൽകി.

കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് 1ന് ആണ് ഹർഷിന സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ 6 മാസത്തിനകമാണ് അന്വേഷണം പൂർത്തിയാക്കിയത്. സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസുണ്ടെന്നു ശരിവച്ച ജില്ലാ മെഡിക്കൽ ബോർഡ് കത്രിക മെഡിക്കൽ കോളജിൽനിന്നാണ് കുടുങ്ങിയതെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe