തിരുവനന്തപുരം : കെപിസിസി അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ അന്വേഷണം വേണ്ടെന്ന് ഡിജിപി. കേസിൽ തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കുമ്പോൾ മെെക്കിൽ ബോധപൂർവം തകരാർ ഉണ്ടാക്കിയതാണോയെന്ന സംശയത്തിലാണ് ചൊവ്വാഴ്‌ച അന്വേഷണം ആരംഭിച്ചത്. മുഖ്യമന്ത്രി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ ചിലർ മുദ്രാവാക്യം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് നിർത്തിക്കുകയായിരുന്നു. തുടർന്ന് സംസാരിച്ച് തുടങ്ങവേയാണ് മൈക്ക് തകരാറിലായത്. ഇതിന്റെ ഭാഗമായി മൈക്കും ആംപ്ലിഫയറും പരിശോധനയ്‌ക്ക് എടുത്തിരുന്നു. ആരുടെയും പേരിൽ കേസെടുത്തിരുന്നില്ലെന്നും ഡിജിപി അറിയിച്ചു.
വിഐപികൾ പങ്കെടുക്കുന്ന പരിപാടികളിൽ മൈക്കിന് ഇത്തരത്തിൽ തകരാറുണ്ടാകില്ലെന്നും സാങ്കേതിക പരിശോധനകൾക്കു വേണ്ടി മാത്രമാണ് കേസെടുത്തതെന്നും തിരുവനന്തപുരം സിറ്റി ഡിസിപി വി അജിത്തും പറഞ്ഞു. സാധാരണ വിഐപി പരിപാടികളിൽ ഇങ്ങനെ സംഭവിക്കാറില്ല. പിഡബ്ല്യുഡി ഇലക്ട്രോണിക് വിഭാഗം പരിശോധിച്ചതിനു ശേഷമാണ് മൈക്കുകൾ വയ്ക്കാറ്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്കിൽ ചെറിയ പ്രശ്നമുണ്ടായി. അതിന്റെ സാങ്കേതിക വശം പരിശോധിക്കേണ്ടിയിരുന്നു. ആരെയും പ്രതി ചേർത്തിട്ടില്ലെന്നും ഡിസിപി പറഞ്ഞു.
ആരോ തട്ടിയപ്പോള്‍ ശബ്ദം കൂട്ടുന്ന നോബില്‍ വയര്‍ ചുറ്റിയത് കാരണമാണ് തകരാര്‍ ഉണ്ടായത്. ശബ്ദം കൂടുകയും അതിന്റെ പോര്‍ട്ടില്‍ നിന്ന് വേര്‍പെടുകയും ചെയ്തതോടെയാണ് പ്രസംഗം തടസ്സപ്പെടുന്ന സ്ഥിതി ഉണ്ടായതെന്നും ഡിസിപി പറഞ്ഞു.
പൊലീസ് പരിശോധനക്കായി കൊണ്ടുപോയ മെെക്കും മറ്റ് ഉപകരണങ്ങളും മടക്കി നൽകിയതായും തെറ്റിദ്ധാരണകൾ മാറിയതായും മൈക്ക് സെറ്റ് ഉടമ രഞ്ജിത് പറഞ്ഞു.