3000 “സ്നേഹാരാമം’ 24ന് നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

news image
Jan 20, 2024, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം> മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം ഒരുക്കിയ സ്നേഹാരാമങ്ങളുടെ സംയുക്തസമർപ്പണം 24ന് മന്ത്രി ആർ ബിന്ദു നിർവഹിക്കും. തിരുവനന്തപുരം വഴുതക്കാട് ​ഗവ. വിമൻസ് കോളേജിൽ ബുധനാഴ്ച പകൽ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം ബി രാജേഷും പങ്കെടുക്കും. തുടർന്ന്, ബേക്കറി ജങ്ഷനിൽ ഒരുക്കിയ സ്നേഹരാമത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ‘ഹരിതം നിർമ്മലം’ പദ്ധതിയുടെ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ സ്നേഹാരാമങ്ങൾ യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 2740 സ്നേഹരാമമാണ് പൂർത്തയായത്. 260 എണ്ണം അന്തിമഘട്ടത്തിലാണ്. പദ്ധതിയുടെ ഭാ​ഗമായി 3500 എൻഎസ്എസ് യൂണിറ്റുകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ്. കലാലയങ്ങളിലെ മറ്റു വിദ്യാർഥികൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത്‌ സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവ പദ്ധതിയിൽ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

എൻഎസ്എസ് യൂണിറ്റുകൾ തങ്ങളുടെ തൊട്ടടുത്തുള്ള പൊതുസ്ഥലങ്ങളിലും ദത്തുഗ്രാമങ്ങളിലുമാണ് സ്നേഹാരാമങ്ങൾ പൂർത്തീകരിച്ചിരിക്കുന്നത്. എൻഎസ്എസ് സന്നദ്ധഭടന്മാരെ മാലിന്യമുക്തം നവകേരളം 2024 പദ്ധതിയിലെ വിവരവിജ്ഞാന ശേഷിവികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കും. മാലിന്യസംസ്കരണത്തിൽ പൗരോത്തരവാദിത്തങ്ങളെ കുറിച്ചും പിന്തുടരേണ്ട ശരിയായ ശീലങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച് സന്നദ്ധഭടന്മാരെ സാമൂഹികമാറ്റത്തിൽ ചാലകശക്തിയാക്കി മാറ്റുക എന്നതു കൂടിയാണ് ക്യാമ്പയിനിന്റെ പ്രസക്തി. പച്ചത്തുരുത്ത്, ചുമർചിത്രം, വെർട്ടിക്കൽ ഗാർഡൻ, പാർക്ക്, വിശ്രമ സംവിധാനം, ഇൻസ്റ്റലേഷൻ എന്നിങ്ങനെ വോളന്റിയർമാരുടെ സർഗ്ഗാത്മകത കാഴ്ച്ചവച്ചു കൊണ്ടാണ് പ്രദേശം സ്നേഹാരാമമായി മാറ്റിയെടുത്തത്. സപ്തദിന ക്യാമ്പുകളുടെ പ്രധാന പ്രൊജക്റ്റും സ്നേഹാരാമങ്ങൾ ആയിരുന്നുവെന്ന്- മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe