തിരുവനന്തപുരം: മെഡിക്കൽ സർവീസസ് കോർപറേഷൻ കാലാവധി കഴിഞ്ഞ ചാത്തൻ മരുന്നുകൾ വിതരണം ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന സി.എ.ജി റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ ക്രമക്കേട് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
സി.ആന്‍ഡ് എ.ജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1610 ബാച്ച് മരുന്നുകള്‍ കാലാവധിയെ സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണ്. 75 ശതമാനം കാലാവധി വേണമെന്നാണ്. നാല് വര്‍ഷത്തേയ്ക്ക് കാലാവധി ഉള്ള ഒരു മരുന്ന് കോര്‍പ്പറേഷന്റെ കൈയിൽ കിട്ടുമ്പോള്‍ ഏറ്റവും കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്ക്കെങ്കിലും പിന്നീട് കാലാവധി വേണം. അപ്പോഴാണ് കാലാവധി തീരുന്നതിനുമുമ്പ് ആളുകള്‍ക്ക് വിതരണം നടത്താന്‍ കഴിയുക. അങ്ങനെയല്ല ചെയ്യുന്നതെങ്കില്‍ ഇത് തിരിച്ചുകൊടുത്ത് പിഴ ഈടാക്കി പണം തിരികെ പിടിക്കണം. അങ്ങനെ ചെയ്തിട്ടേയില്ല. മാത്രവുമല്ല 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുകയാണ്. കാലാവധി കഴിഞ്ഞാല്‍ മരുന്നുകളുടെ കോമ്പിനേഷന്‍ മാറും. അത് ജീവഹാനിക്കുപോലും ഇടയാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.