24 വർഷത്തെ ഭരണം പൂര്‍ത്തിയാക്കി തുടർഭരണം നേടാൻ ആഗ്രിച്ച ബിജെഡിക്ക് കനത്ത തിരിച്ചടിയാണ് ഒഡീഷയില്‍ ഉണ്ടായത്. 112 സീറ്റുണ്ടായിരുന്ന ബിജെഡി 51 ലേക്ക് ഇടിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലും വലിയ പ്രഹരം ബിജെഡിക്ക് ലഭിച്ചു. ഒറ്റ സീറ്റില്‍ പോലും വിജയിക്കാൻ ബിജെഡിക്ക് ആയില്ല. 21 ല്‍ 20 സീറ്റും നേടി ബിജെപിയാണ് ലോക്സഭ തെരഞ്ഞെടുപ്പിലും വൻ കുതിപ്പ് നടത്തിയത്. ഒരു സീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. അച്ഛന് ബിജു പട്നായിക്കിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലിറങ്ങിയ നവീൻ പട്നായിക് രണ്ടായിരം മുതല്‍ തുടർച്ചായ 24 വർഷത്തെ ഭരണത്തിന് ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന പടിയിറങ്ങിയത്.
നിയമസഭയിലെയും ലോക്സഭയിലെയും ഇരട്ടപ്രഹരത്തില്‍ ഇരുട്ടിലായിപോയ ബിജെഡിയുടെ ഭാവി ഇനി എന്താകുമെന്ന ആശങ്ക പാർട്ടിയില്‍ കനക്കുകയാണ്. എഴുപത്തിയേഴുകാരനായ നവീൻ പട്നായിക്കിന് ശേഷം ആര് നയിക്കുമെന്നതില്‍ പാര്‍ട്ടിയില്‍ ആർക്കും വ്യക്തതയില്ല. വിശ്വസ്തനായ തമിഴ്നാട്ടുകാരനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ വി കെ പാണ്ഡ്യനാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നതെന്ന ബിജെപി പ്രചരണമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്കുള്ള കാരണങ്ങളില്‍ ഒന്ന്.
നവീൻ പട്നായിക്കിനെതിരെ അഴിമതി ആരോപണം ഉയർന്നിട്ടില്ലെങ്കിലും ഉദ്യോഗസ്ഥ തട്ടില്‍ വലിയ അഴിമതി നടക്കുന്നതിലും ജനരോഷം ശക്തമായിരുന്നു. ബിജെപിക്ക് സുപ്രധാന തീരുമാനങ്ങളില്‍ എല്ലാം പുറമെ നിന്ന് പിന്തുണ നല്‍കിയിരുന്ന ബിജെഡി തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് തയ്യാറാകാതിരുന്നതോടെയാണ് ഏറ്റുമുട്ടലിലേക്ക് പോയത്. ആ പോരില്‍ ബിജെഡിക്ക് വലിയ വില കൊടുക്കേണ്ടി വന്നു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 14 സീറ്റുകളില്‍ വിജയിക്കാനായി. ബിജെഡി ക്ഷയിക്കുമ്പോൾ ഒഡീഷയില്‍ തിരിച്ചുവരാനായി സംഘടന ശക്തിപ്പെടുത്താനുള്ള അവസരമാണ് കോണ്‍ഗ്രസിനും കിട്ടിയിരിക്കുന്നത്.