2019 മുതൽ 24 വരെ വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകൾ; പണമാക്കിയത് 22,030 -സുപ്രീംകോടതിയെ അറിയിച്ച് എസ്.ബി.ഐ

news image
Mar 13, 2024, 9:57 am GMT+0000 payyolionline.in

 

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ രേഖകൾ കൈമാറണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) സത്യവാങ്മൂലം സമർപ്പിച്ചു. 2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയിൽ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്ന് ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. പാസ്​വേഡ് പരിരക്ഷയുള്ള പി.ഡി.എഫ് ഫയലുകളിലാണ് ഡാറ്റ കൈമാറിയത്. എസ്.ബി.ഐക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.

2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയതായും അതിൽ 1609 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്.ബി.ഐ വ്യക്തമാക്കി. 2019 ഏപ്രിൽ 12നും 2024 ഏപ്രിൽ 15നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങി. അതിൽ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റി.

ആരൊക്കെയാണ് ബോണ്ടുകൾ വാങ്ങിയതെന്നും ഏതൊക്കെ ബോണ്ടുകളാണ് വാങ്ങിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷൻ വെബസൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. മാർച്ച് ആറു വരെയാണ് എസ്.ബി.ഐക്ക് ഡാറ്റ സമർപ്പിക്കാൻ കോടതി സമയപരിധി നിശ്ചയിച്ചിരുന്നത്.

മാർച്ച് 13നകം ഇത് പരസ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യ​പ്പെട്ടു. എന്നാൽ ജൂൺ 30 വരെ സമയം നീട്ടണമെന്ന് ബാങ്ക് കോടതിയോട് അഭ്യർഥിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 15ന് ഇലക്ടറൽ ബോണ്ടുകൾ ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe