തിരുവനന്തപുരം: ഒമ്പതു ജില്ലകളിലെ 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് 30ന് നടക്കും. വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. 11 വരെ നാമനിർദേശപത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 12നാണ്. 15 വരെ പത്രിക പിൻവലിക്കാം. വോട്ടെണ്ണൽ 31ന് നടക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽവന്നു. കോർപറേഷൻ, നഗരസഭ എന്നിവയിൽ അതാത് വാർഡുകളിൽ മാത്രമാണ് പെരുമാറ്റച്ചട്ടം. പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലും ബാധകമാണ്. തിരുവനന്തപുരം, കണ്ണൂർ കോർപ്പറേഷനുകളിലെ ഓരോ വാർഡിലും രണ്ട് നഗരസഭാ വാർഡുകളിലും 15 പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി 38 പോളിങ് ബൂത്തുകൾ സജ്ജമാക്കും. അന്തിമ വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലും തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.