18 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് ജയസൂര്യ, കസ്റ്റഡി വേണ്ടെന്നതും പരിഗണിച്ച് ജാമ്യം നൽകണം; ഹർജി നൽകി

news image
Sep 11, 2024, 12:14 pm GMT+0000 payyolionline.in

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടൻമാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളിലടക്കം വൈരുധ്യമുണ്ടെന്ന് ജയസൂര്യ ഹർജിയിൽ പറയുന്നു. വിദേശത്തായതിനാൽ എഫ്ഐആർ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകൾ ചുമത്തിയതിനാൽ ഓൺലൈനായി എഫ്ഐആർ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റംബർ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നൽകണമെന്നാണ് ജയസൂര്യ ഹർജിയിൽ ആവശ്യപ്പെടുന്നത്.

സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി ബാബുരാജ്  പീഡിപ്പിച്ചെന്ന് ജൂനിയ‍ർ ആർടിസ്റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാത്സംഗ കുറ്റം ചുമത്തി അടിമാലി പൊലീസ് കേസെടുത്തിരുന്നു.

ബാബുരാജിൻ്റെ ഇരുട്ടുകാനത്തുളള റിസോർട്ടിൽ വച്ചും ആലുവയിലെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി. സംസ്ഥാന പൊലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു. യുവതിയിൽ നിന്ന് ഫോൺ വഴി വിവരങ്ങളെടുത്ത ശേഷമാണ് അടിമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി ബാബുരാജിൻ്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe