എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി വാഴക്കാട് ഊർക്കടവ് സ്വദേശി വി.സിദ്ദിഖലിക്ക് (43) എതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. അറസ്റ്റിലായ കരാട്ടെ പരിശീലകൻ കൂടുതൽ കുട്ടികളെ പീഡനത്തിന് ഇരകളാക്കിയതായി മരിച്ച പെൺകുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തി. പീഡന പരാതിയെ തുടർന്ന് സിദ്ദിഖലിയെ മറ്റൊരു സ്ഥാപനത്തിൽനിന്നു പിരിച്ചുവിട്ടതായും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
പീഡനവുമായി ബന്ധപ്പെട്ട് സിദ്ദിഖലിക്കെതിരെ പരാതി നൽകാൻ കുടുംബം തീരുമാനിച്ചിരുന്നു. ഇതിനുള്ള നീക്കവുമായി മുന്നോട്ടു പോകുമ്പോൾ പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ടു പരമാവധി ഡിജിറ്റിൽ തെളിവുകൾ ഉൾപ്പെടെ പൊലീസ് ശേഖരിച്ചു. പെൺകുട്ടി കുറച്ചുനാളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നു വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്.
അതിനിടെ, സിദ്ദിഖലിയുടെ കരാട്ടെ സ്ഥാപനത്തിൽ പഠിച്ചിരുന്ന കൂടുതൽ കുട്ടികൾ പരിശീലകന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് ഉൾപ്പെടെ വെളിപ്പെടുത്തി രംഗത്തു വരുന്നുണ്ട്. കുട്ടികൾക്കു പുറമേ അവർ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അറിയാവുന്ന രക്ഷിതാക്കളും പരാതിയുമായി രംഗത്തുണ്ട്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണു പെൺകുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ടു മണിയോടെ ചാലിയാർ പുഴയിൽ വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിൽ മേൽവസ്ത്രം ഉണ്ടായിരുന്നില്ല. ജീവനൊടുക്കിയെന്നു കരുതാവുന്ന അവസ്ഥയിലല്ല പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിതെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്.