17 തവണ കുത്തി, നിലത്ത് വീണപ്പോള്‍ മെറിൻ ജോയിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ

news image
Nov 6, 2023, 1:21 pm GMT+0000 payyolionline.in

വാഷിംഗ്ടൺ:  അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി നഴ്സായ മോനിപ്പള്ളി ഊരാളിൽ വീട്ടിൽ  മരങ്ങാട്ടിൽ ജോയ് – മേഴ്സി ദമ്പതികളുടെ മകൾ മെറിൻ ജോയി (27)യെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ  ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്.  യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ വിധി വരുമ്പോള്‍ വീണ്ടും നൊമ്പരമാകുകയാണ് മെറിന്‍റെ മരണം.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മെറിന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് അച്ഛനോടും അമ്മയോടും സഹോദരിയോടും സംസാരിക്കുകയും ഏകമകള്‍ നോറയെ കാണുകയും ചെയ്തിരുന്നു. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസ്സായിരുന്നു നോറയ്ക്ക് പ്രായം. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്‍റെ വാര്‍ത്തയായിരുന്നു.

ആഴത്തിലുള്ള 17 കുത്തുകളാണ് മെറിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. കുത്തേറ്റ് നിലത്ത് വീണപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും എംബാം ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുഎസിലെ റ്റാംപയിലെ കത്തോലിക്ക ദേവാലയത്തില്‍ സംസ്കാരം നടത്തിയത്.

സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള  ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായ മെറിൻ ജോയി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെയാണ് പാർക്കിങ് ലോഡ്സിൽ വെച്ച് ഭർത്താവ് ഫിലിപ്പ് മാത്യുവിന്റെ ആക്രമണമുണ്ടായത്.  2020 ജൂലൈ 28ന് ആണ് സംഭവം. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്.  ഗാർഹിക പീഡനത്തെ തുടർന്ന് ഇരുവരും ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടയിലാണ്  മെറിനെ ഫിലിപ് അതിക്രൂരമായി കൊലപ്പെടുത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe